ഓണച്ചമയങ്ങളാൽ വീഥികൾ നിറഞ്ഞു; ഇന്ന് ഉത്രാടപ്പാച്ചിൽ

പുനലൂർ: മഴ മാറി അന്തരീക്ഷം തെളിഞ്ഞതിനൊപ്പം പുനലൂർ പട്ടണത്തിലെ തെരുവോരങ്ങൾ ഓണക്കച്ചവടത്തിനുള്ള സാധനങ്ങൾകൊണ്ട് നിറഞ്ഞു. ഞായറാഴ്ച ഉത്രാടമായതിനാൽ മഴ ചതിക്കുമെന്ന് പ്രതീക്ഷിച്ച് ശനിയാഴ്ച രാവിലെ മുതൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ആളുകൾ തിരക്കുകൂട്ടി. തോട്ടം തൊഴിലാളികൾക്ക് മുൻതൂക്കമുള്ള കിഴക്കൻ മേഖലയിൽ ഇത്തവണ വലിയ ഒച്ചപ്പാടില്ലാതെ മിക്കവർക്കും ന്യായമായ ബോണസും മറ്റു ആനുകൂല്യങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചു. വിവിധ ക്ഷേമ പെൻഷനുകളും തൊഴിൽ രഹിത വേതനവും ഇന്നലെയടക്കം പലർക്കും ലഭിച്ചതും വിപണിയുടെ ഉണർവിന് ഇടയാക്കി. സാധാരണയെന്നപോലെ തുണികടകളിലും പലചരക്ക്, പച്ചക്കറി ക്കടകളിലുമാണ് നല്ല തിരക്ക് അനുഭവപ്പെട്ടത്. കൂടാതെ ന്യൂജനുകളുടെ തിരക്ക് മൊബൈൽ ഷോപ്പുകളിലും ദൃശ്യമായി. സപ്ലൈകോയുടെ ഓണവിപണി കൂടാതെ, സഹകരണ ബാങ്കുകളും സൊസൈറ്റികളുമെല്ലാം ഇത്തവണ ഓണച്ചന്തകൾ തയാറാക്കിയിട്ടുണ്ട്. പച്ചക്കറികളും പലചരക്ക് സാധനങ്ങളും ന്യായവിലയ്ക്കാണ് ഇവിടങ്ങളിൽനിന്ന് ലഭിക്കുന്നത്. പൊതുവിപണിയിൽ സാധനങ്ങൾക്ക് വില കൂടുതലുണ്ടെങ്കിലും തിരക്കിന് കുറവില്ല. കുടുംബശ്രീ യൂനിറ്റുകളും സ്വന്തം ഉൽപന്നങ്ങളും നാടൻ വിഭവങ്ങളുമായി രംഗത്തുണ്ട്. തെരുവുകളിലും താൽക്കാലിക ഷെഡുകൾ കൂട്ടിയും ഇതര സംസ്ഥാനത്തുള്ള നിരവധി ചെറുകിട കച്ചവടക്കാരും രംഗത്തുണ്ട്. കളിപ്പാട്ടങ്ങളും തുണിത്തരങ്ങളുമടക്കം വിൽപനക്കുണ്ട്. പുനലൂർ മെയിൻ റോഡ്, കച്ചേരി റോഡ്, മാർക്കറ്റ് എന്നിവിടങ്ങളിലാണ് ചെറുകിട വ്യാപാരികൾ തമ്പടിച്ചിരിക്കുന്നത്. ചെറിയ വരുമാനക്കാർക്കും തൊഴിലാളികൾക്കും അവരുടെ കഴിവിന് അനുസരിച്ചുള്ള സാധനങ്ങൾ വാങ്ങാൻ തെരുവുവിപണികൾ സഹായകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.