ഇയർ ഔട്ട് സമ്പ്രദായം: സമരംചെയ്ത അഞ്ഞൂറോളം വിദ്യാർഥികളെ കോളജിൽനിന്ന് പുറത്താക്കി മൂന്ന് വിദ്യാർഥികൾ കുഴഞ്ഞുവീണു

ഇയർ ഔട്ട് സമ്പ്രദായം: സമരംചെയ്ത അഞ്ഞൂറോളം വിദ്യാർഥികളെ കോളജിൽനിന്ന് പുറത്താക്കി മൂന്ന് വിദ്യാർഥികൾ കുഴഞ്ഞുവീണു കിളിമാനൂർ: സാങ്കേതിക യൂനിവേഴ്സിറ്റിക്ക് കീഴിലെ സ്വകാര്യ എൻജിനീയറിങ് കോളജുകളിൽ ഈ വർഷം മുതൽ നടപ്പാക്കുന്ന ഇയർ ഔട്ട് സമ്പ്രദായത്തെ എതിർത്ത് സമരം ചെയ്ത അഞ്ഞൂറോളം വിദ്യാർഥികളെ കോളജിൽനിന്ന് പുറത്താക്കി. വൈകീട്ട് വരെ കുടിവെള്ളമോ ഭക്ഷണമോ ലഭിക്കാതെ പുറത്തുനിന്ന ഹോസ്റ്റൽ വിദ്യാർഥികളിൽ മൂന്ന് പെൺകുട്ടികൾ തളർന്നുവീണു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നഗരൂർ നെടുമ്പറമ്പിലെ രാജധാനി എൻജിനീയറിങ് കോളജിൽ തിങ്കളാഴ്ചയാണ് ഒരുപകൽ നീണ്ട സംഘർഷാവസ്ഥ അരങ്ങേറിയത്. ആൺകുട്ടികളും പെൺകുട്ടികളുമായി ഇരുന്നൂറോളം പേർ കോളജ് ഹോസ്റ്റലിൽ താമസിച്ചുപഠിക്കുന്നവരാണ്. സമരത്തിൽ പങ്കെടുക്കുന്നവരെ കോളജിന് പുറത്താക്കാൻ മാനേജ്മ​െൻറ് അറിയിച്ചതോടെ ഇവരെ പുറത്താക്കി ഗേറ്റടയ്ക്കുകയായിരുന്നു. ഇവരുടെ ബാഗ്, മൊബൈൽ ഫോണുകൾ, പണം എന്നിവയെല്ലാം മുറികളിലായിരുന്നു. തുടർന്ന് കോളജ് ബസുകളിലെത്തിയ കുട്ടികൾ കൂടി സമരത്തിൽ പങ്കെടുത്തു. വൈകീട്ട് നാലോടെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനികളായ അഭിരാമി, നാവ്റിൽ എന്നിവർ കുഴഞ്ഞുവീണു. ഇവരെ സഹപാഠികൾ കടുവയിൽ കെ.ടി.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജ് പ്രദേശത്ത് കടകളൊന്നുംതന്നെയില്ല. അഞ്ചോടെ മൂന്നാം വർഷ വിദ്യാർഥിനി നന്ദയും കുഴഞ്ഞുവീണു. നന്ദയെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരെ കോളജിലേക്ക് കടത്താതെ ഗേറ്റിൽ തടഞ്ഞു. ഏറെനേരത്തിനു ശേഷം പുറത്തെത്തിയ മാനേജ്മ​െൻറ് പ്രതിനിധികളുമായി മാധ്യമ പ്രവർത്തകർ നടത്തിയ ചർച്ചയെ തുടർന്ന് കുട്ടികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാമെന്നും രാത്രി ഭക്ഷണം നൽകാമെന്നും മറ്റു കുട്ടികളെ വാഹനങ്ങളിൽ വീടുകളിലെത്തിക്കാമെന്നും തീരുമാനമായി. എന്നാൽ, ചൊവ്വാഴ്ച ഇവരെ ക്ലാസിൽ കയറ്റണമോയെന്ന കാര്യത്തിൽ മാനേജ്മ​െൻറ് തീരുമാനം ഉണ്ടാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.