അരിപ്പ ഭൂസമരക്കാരുടെ ഉപഭോക്തൃ പട്ടിക അട്ടിമറിക്കാനുള്ള നീക്കം: കലക്ടറേറ്റിന്​ മുന്നിൽ ഉപവാസവുമായി ആദിവാസി ദലിത് മുന്നേറ്റസമിതി

കൊല്ലം: അരിപ്പ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങളുടെ ഉപഭോക്തൃ പട്ടിക അട്ടിമറിക്കാനുള്ള നടപടിക്കെതിരെ ബുധനാഴ്ച കലക്ടറേറ്റിന് മുന്നിൽ ഉപവാസം നടത്തുമെന്ന് ആദിവാസി ദലിത് മുന്നേറ്റസമിതി. രാവിലെ 9.30ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉപവാസം ഉദ്ഘാടനം ചെയ്യും. ആദിവാസികളും ദലിതരും മറ്റിതര ഭൂരഹിതരുമുൾപ്പെടെ ആയിരത്തോളം കുടുംബങ്ങൾ നാലു വർഷത്തിലേറെയായി കൃഷിഭൂമി ആവശ്യപ്പെട്ട് സമരത്തിലാണെന്ന് പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. ഭൂസമരം പരിഹരിക്കുന്നതിന് മുന്നോടിയായി സമരം ചെയ്തുവരുന്ന കുടുംബങ്ങളുടെ പട്ടിക തയാറാക്കാൻ അസിസ്റ്റൻറ് കലക്ടറെ ഏർപ്പെടുത്തിയിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ 25ന് പുനലൂർ തഹസിൽദാറുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥസംഘം സമരഭൂമിയിൽ എത്തുകയും അന്ന് അവിടെയില്ലാത്ത കുടുംബങ്ങളെ ഒഴിവാക്കി പട്ടിക തയാറാക്കുകയും ചെയ്തു. സ്ഥലത്തില്ലാത്തവരുടെ പട്ടിക വീണ്ടും ശേഖരിക്കാമെന്നറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഈ സമരത്തെ എതിർത്ത രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിലെ സമരക്കാർക്ക് നേരത്തേതന്നെ വിവരങ്ങൾ ലഭിച്ചതിനാൽ സമരവുമായി ബന്ധമില്ലാത്ത കുടുംബങ്ങൾ സ്ഥലത്തെത്തിയിരുന്നു. ഇവരിൽനിന്ന് ഉദ്യോഗസ്ഥർ പട്ടിക തയാറാക്കുകയായിരുന്നെന്നും ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. അനർഹരെ ഉൾപ്പെടുത്താനും ദലിതരെ തമ്മിലടിപ്പിക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്. അർഹരെ ഒഴിവാക്കി അരിപ്പ സമരം തകർക്കാനുള്ള ജില്ല ഭരണകൂടത്തി​െൻറ നീക്കങ്ങൾക്ക് എതിരെയും വെളിയംപുത്തൂരിൽ സർക്കാർ ഭൂമി മറിച്ചുവിൽക്കാൻ കൂട്ടുനിന്ന രാഷ്ട്രീയനേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്ന് നേതാക്കളായ വി. രമേശൻ, മണിലാൽ കണ്ണങ്കോട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.