വ്യാജ മരണ സർട്ടിഫിക്കറ്റ്; യുവതിക്കെതിരെ കേസ്

വർക്കല: ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് വ്യാജ മരണ സർട്ടിഫിക്കറ്റ് നേടിയ യുവതിക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇടവ, പാറയിൽ പണ്ടാരവിളയിൽ ബേബി ഷൈമക്കെതിരെയാണ് അയിരൂർ പൊലീസ് കേസെടുത്തത്. ഷൈമയുടെ പിതാവ് കുരയ്ക്കണ്ണി ഐക്കരക്കുടിയിൽ കമാലുദ്ദീൻ 2003 സെപ്റ്റംബറിൽ മരണപ്പെട്ടിരുന്നു. മരണം ബന്ധുക്കൾ യഥാസമയം വർക്കല നഗരസഭയിൽ രജിസ്റ്റർ ചെയ്യുകയും സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ, കമാലുദ്ദീൻ മരിച്ചത് 1998 ജൂണിലാണെന്ന് കാണിച്ച് വർക്കല നഗരസഭയിൽ വീണ്ടും രജിസ്റ്റർ ചെയ്യാനായി ബേബി ഷൈമ അപേക്ഷ നൽകിയിരുന്നു. ഓഫിസ് രേഖകളുടെ അടിസ്ഥാനത്തിൽ നഗരസഭയിലെ ജനന മരണ രജിസ്ട്രാർ അപേക്ഷ തള്ളി. ഇതേതുടർന്ന് മരണസ്ഥലം മാറ്റിക്കാണിച്ചും കള്ള സാക്ഷികളുടെ പിൻബലത്തിൽ ഇടവ ഗ്രാമപഞ്ചായത്തിൽനിന്ന് മരണ സർട്ടിഫിക്കറ്റ് സമ്പാദിച്ചു. ഇതിനായി ആർ.ഡി.ഒക്ക് മുമ്പാകെയും വ്യാജ രേഖകളാണ് സമർപ്പിച്ചത്. ആർ.ഡി.ഒയുടെ അനുമതിയിലാണ് ഇടവ പഞ്ചായത്ത് സെക്രട്ടറി മരണ സർട്ടിഫിക്കറ്റ് നൽകിയതും. ഇതിനെതിരെ കമാലുദ്ദീ​െൻറ സഹോദരീപുത്രൻ ഇടവ പഞ്ചായത്ത് സെക്രട്ടറിക്കും ആർ.ഡി.ഒക്കും പരാതി നൽകി. വ്യാജ രേഖകൾ സമർപ്പിച്ചാണ് ബേബി ഷൈമ മരണ സർട്ടിഫിക്കറ്റ് നേടിയതെന്ന് പരാതിയിൽ വിശദമായ തെളിവെടുപ്പ് നടത്തിയ ആർ.ഡി.ഒ കണ്ടെത്തി. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ നൽകിയ മരണ സർട്ടിഫിക്കറ്റ് ആർ.ഡി.ഒ ഉത്തരവിലൂടെ റദ്ദാക്കുകയും ചെയ്തു. മരണ സർട്ടിഫിക്കറ്റിനായി ബേബി ഷൈമ ഹാജരാക്കിയ ഓടയം മുസ്ലിം ജമാഅത്തി​െൻറയും ഇടവ വില്ലേജ് ഓഫിസി​െൻറയും സർട്ടിഫിക്കറ്റുകളും രണ്ട് ഗസറ്റഡ് ഓഫിസർമാരുടെ സാക്ഷ്യപത്രവും രണ്ട് അയൽവാസികളുടെ മൊഴിയും വ്യാജമായിരുന്നെന്ന് ആർ.ഡി.ഒ കണ്ടെത്തി. ഇതേതുടർന്നാണ് ബേബി ഷൈമക്ക് നൽകിയ മരണ സർട്ടിഫിക്കറ്റ് റദ്ദാക്കിയത്. ഇടവ പഞ്ചായത്ത് സെക്രട്ടറി അയിരൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തെറ്റായ രേഖകൾ ഹാജരാക്കി വ്യാജ സർട്ടിഫിക്കറ്റ് നേടാൻ ശ്രമിച്ചതിനെതിരെ വർക്കല നഗരസഭ സെക്രട്ടറിയും വർക്കല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കമാലുദ്ദീൻ ജീവിച്ചിരുന്നപ്പോൾ തന്നെ ത​െൻറ പേരിലുണ്ടായിരുന്ന ഭൂമി ബന്ധുവിന് വിലവാങ്ങി വിറ്റിരുന്നു. ഈ ഭൂമിയിൽ അവകാശം ഉന്നയിക്കാനും ആധാരം റദ്ദാക്കാനുമായാണ് അഞ്ചുവർഷം മുമ്പ് കമാലുദ്ദീൻ മരണപ്പെട്ടതായി മകൾ വ്യാജരേഖകൾ ഉണ്ടാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.