അഫിലിയേഷനെ ചൊല്ലി കളരിപ്പയറ്റ് അസോസിയേഷനുകൾ തമ്മിൽ ചേരിപ്പോര്

തിരുവനന്തപുരം: അംഗീകാരത്തെചൊല്ലി കളരിപ്പയറ്റ് അസോസിയേഷനുകൾ തമ്മിലുള്ള ചേരിപ്പോര് മൂക്കുന്നു. തിങ്കളാഴ്ച സ്പോര്‍ട്സ് കളരിപ്പയറ്റ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ആരംഭിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് സംസ്ഥാന സ്പോർട്സ് കൗൺസിലി‍​െൻറയോ കേന്ദ്ര കായിക യുവജനമന്ത്രാലയത്തി‍​െൻറ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷ​െൻറയോ അംഗീകാരമില്ലെന്നാരോപിച്ച് കേരള അസോസിയേഷൻ സെക്രട്ടറി ആർ. വസന്തമോഹൻ രംഗത്തെത്തി. ഇല്ലാത്ത അംഗീകാരത്തി‍​െൻറ പേരിൽ കളരി ഗുരുക്കന്മാരെയും ശിഷ്യന്മാരെയും വഞ്ചിക്കുന്ന അനധികൃത സംഘാടകരെ രാഷ്ട്രീയ ഭരണാധികാരികൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കായികസംഘടനകളെ ഏത് വിധേനയും പിടിച്ചെടുക്കാനുള്ള ചില രാഷ്ട്രീയക്കാരുടെ ശ്രമങ്ങൾ അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, കളരിപ്പയറ്റി‍​െൻറ ഉന്നമനം സ്പോര്‍ട്സിലൂടെ എന്ന ആശയം മുന്‍നിര്‍ത്തി 2013 മുതല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്പോര്‍ട്സ് കളരിപ്പയറ്റ് അസോസിയേഷനെന്ന് മുൻ എം.എൽ.എയും സംഘടനയുടെ പ്രസിഡൻറുമായ വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള അസോസിയേഷനിൽ അംഗത്വം നൽകുന്നതിൽ ജാതി വേർതിരിവുള്ളതായി നിരവധി പരാതികൾ ഉയർന്നു. ആഘട്ടത്തിലാണ് എല്ലാ ജാതീയരെയും ഉൾപ്പെടുത്തി പുതിയൊരു അസോസിയേഷൻ രൂപവത്കരിച്ചത്. അവശത അനുഭവിക്കുന്ന കളരി ഗുരുക്കന്മാര്‍ക്കും കളരി സംഘങ്ങള്‍ക്കും അര്‍ഹിക്കുന്ന അംഗീകാരവും സഹായവും നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. പ്രവർത്തനത്തി​െൻറ അടിസ്ഥാനത്തിൽ സംഘടനക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരം ലഭിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ് 30, 31 തീയതികളില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. 30ന് രാവിലെ പത്തിന് മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. 31ന് സമാപനസമ്മേളനം കായികമന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. മെയ്പ്പയറ്റ്, ചുവട്, വാള്‍പയറ്റ്, ഉറുമി ഇനങ്ങളിലും നെടുവടിപ്പയറ്റ്, വാളും പരിചയും, വെറും കൈപ്രയോഗം തുടങ്ങിയ ഇനങ്ങളാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. 750 ഓളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. സബ് ജൂനിയർ, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം. ആൺ, പെണ്‍ വിഭാഗങ്ങള്‍ക്ക് മത്സരങ്ങള്‍ പ്രത്യേകമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.