ചിത്രം- വെള്ളം നിറഞ്ഞ കരമനയാര്‍ മുറിച്ചുകടക്കുന്ന നാട്ടുകാര്‍ ആര്യനാട്: കരമനയാറ്റിൽ ജലനിരപ്പുയരുമ്പോൾ ആര്യനാട് പഞ്ചായത്തിലെ ചൊക്കംതീനി പ്രദേശത്തെ ജനങ്ങൾക്ക് നെഞ്ചിടിപ്പാണ്. എങ്ങനെ മറുകരയെത്തുമെന്ന ആശങ്കയാണ് ആ നെഞ്ചിടിപ്പിനാധാരം. നദിയിൽ ജലനിരപ്പുയരുമ്പോൾ ആശ്രയിച്ചിരുന്ന കടത്തുവള്ളം തകർന്നിട്ട് മാസങ്ങളായി. പ്രഥമിക നടപടി ആരംഭിച്ച തൂക്കുപാലം ഇപ്പോഴും സ്വപ്നമായി ആവശേഷിക്കുകയും ചെയ്യുന്നു. ആര്യനാട് പഞ്ചായത്തിലെ മൈലമൂട്, ചെറുമഞ്ചൽ, കണിയാൻവിളാകം, കൊടുംകണ്ണി, ചോതിക്കുഴി, ഇൗഞ്ചപ്പുരി, കൊടുംകണ്ണി പ്രദേശവാസികളുടെ യാത്രയാണ് ദുരിതത്തിലായിരിക്കുന്നത്. കരമനയാറ്റിലെ ചൊക്കംതീനി കടവ് വഴിയാണ് ഇവിടത്തുകാർ കോട്ടയ്ക്കകം ഭാഗത്തേക്ക് എത്തിയിരുന്നത്. കരമനയാറ്റിൽ നീരൊഴുക്ക് വർധിക്കുന്നതോടെ യാത്ര കടത്തുവള്ളത്തിലാക്കും. ഇൗ വള്ളമാണ് മാസങ്ങളായി തകർന്നു കിടക്കുന്നത്. കൊക്കോട്ടേല വഴി അണിയിലകടവ്, കാര്യോട് റോഡുകളിലൂടെ കിലോ മീറ്ററുകള്‍ സഞ്ചരിച്ചുവേണം ഇവർക്കിപ്പോൾ യാത്ര ചെയ്യാൻ. ഇൗ പ്രദേശങ്ങളിൽനിന്ന് ആര്യനാട് സ്കൂളിലെത്തുന്ന വിദ്യാർഥികളും നന്നേ പാടുപെടുന്നു. കടവിൽ തൂക്കുപാലത്തിെൻറ നിർമാണത്തിനായി കഴിഞ്ഞ ആര്യനാട് പഞ്ചായത്ത് ഭരണസമിതി 33 ലക്ഷം രൂപ അനുവദിച്ചിരുന്നു. രണ്ടു പദ്ധതികളായിട്ടായിരുന്നു പ്രവൃത്തി ഉദ്ദേശിച്ചിരുന്നത്. പഞ്ചായത്ത് ഫണ്ടിൽ പാലം നിർമിക്കാനും ഇരുകരകളിൽ പാലം ഉറപ്പിച്ചുനിർത്തുന്നതിനായി സംരക്ഷണ ഭിത്തി നിർമിക്കാൻ എം.പി ഫണ്ടില്‍നിന്ന് തുക കണ്ടെത്താനുമായിരുന്നു ലക്ഷ്യം. പഞ്ചായത്ത് ഫണ്ടിന് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി തുക അനുവദിച്ചെങ്കിലും ബാക്കി കണ്ടെത്താനാകാത്തതോടെ പാലം പണി അവതാളത്തിലായി. പുതിയ ഭരണസമിതിക്ക് ഇതിനായി കൂടുതൽ തുക അനുവദിക്കാനായില്ല. കഴിഞ്ഞ തവണ അനുവദിച്ച തുക ഇൗ ഭരണസമിതിയും വകയിരുത്തി. ഒടുവിൽ കൂടുതൽ തുക കണ്ടെത്താനാകാത്തതോടെ പഞ്ചായത്ത് ഫണ്ട് വകമാറ്റി ചെലവഴിക്കുകയും ചെയ്തു. ഇതോടെ പാലം നിർമാണം കടലാസിലൊതുങ്ങി. ചൊക്കംതീനി കടവിലെ ഇരുകരയും തമ്മിൽ 60 മീറ്ററോളം ദൂരമുണ്ട്. ക ടത്തുവള്ളത്തിന് പകരം ആറിന് കുറുകെ നടപ്പാത ഒരുക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. ഇവിടെയെത്തിയ കെ.എസ്. ശബരീനാഥൻ എം.എൽ.എയോട് നാട്ടുകാർ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. എം.എൽ.എയോ അധികൃതരോ തങ്ങളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.