പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര സാധ്യതകളേറെ: സഞ്ചാരികളെ കാത്ത് പതിമൂന്ന് കണ്ണറ

* 13 അറകളോടെയുള്ള റെയിൽവേ പാലമാണ് പ്രദേശത്തിന് ടൂറിസം മാപ്പിൽ ഇടം നൽകിയത് പുനലൂർ: കിഴക്കൻ മലയോരത്തെ അപൂർവ ദൃശ്യ വിസ്മയമായ തെന്മല പതിമൂന്ന് കണ്ണറയിൽ ഇക്കോ ടൂറിസം പദ്ധതിക്ക് വൻസാധ്യത. റെയിൽവേ പാലം, താഴെ ദേശീയപാത എന്നിവക്കൊപ്പം പ്രകൃതിസൗന്ദര്യം നിറഞ്ഞ വനം, പുഴ തുടങ്ങിയവ കൂടി ഒത്തുചേർന്ന ഇടമാണ് ഈ ഭാഗം. ദേശീയപാതയോട് ചേർന്ന് റെയിൽവേയുടെ 13 അറകളോടെയുള്ള പാലമാണ് ഈ ഭാഗത്തിന് ഖ്യാതി നേടിക്കൊടുത്തത്. നിരവധി സിനിമകളിൽ ഇടംപിടിച്ച ഈ പ്രദേശത്ത് കൂടി ട്രെയിനിലോ വാഹനത്തിലോ പോകുന്നവർക്ക് നയനാന്ദകരമായ കാഴ്ച ആസ്വദിക്കാനാവും. കരിങ്കല്ലിൽ 50 അടിയോളം ഉയരത്തിൽ ആർച്ചായി നിർമിച്ചിരിക്കുന്ന കണ്ണറ പാലം ബ്രോഡ്ഗേജ് ആയതോടെ ബലപ്പെടുത്തുകയും കൂടുതൽ മനോഹരമാക്കുകയും ചെയ്തു. പുതുതായി നിർമിച്ചത് ഉൾപ്പെടെ അടുത്തുള്ള രണ്ടു തുരങ്കങ്ങൾ കടന്നാണ് കണ്ണറപാലത്തിൽ ട്രെയിൻ എത്തുന്നത്. കണ്ണറ പാലത്തിൽനിന്ന് നോക്കിയാൽ അകലെ ആകാശം മുട്ടെയുള്ള പാറക്കെട്ടുകളും മുളങ്കാടുകളും നിറഞ്ഞ ശെന്തുരുണി വന്യജീവി സങ്കേതവും നിബിഡ വനവും കാണാനാകും. ഇവിടെ ഒരു വശത്ത് വനത്തോട് ചേർന്ന് കഴുതുരുട്ടിയാർ ഒഴുകുന്നതിനാൽ ദേശീയപാത വളഞ്ഞാണ് പോകുന്നത്. ആറിന് ഇരുകരകളിലുമുള്ള വലിയ പാറക്കെട്ടുകളിൽ കയറിയിരുന്നാൽ പാലത്തിലൂടെ ട്രെയിനും അതിനെ താഴെയുള്ള ദേശീയപാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതും കാണാനാവും. ഇവിടം കേന്ദ്രീകരിച്ച് ശെന്തുരുണി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യമാണ് ഉയർന്നത്. ഇത് ഇടമൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സ്ഥലം എം.എൽ. എ കൂടിയായ വനം മന്ത്രിയുടെ അടക്കം ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.