പരവൂർ: പോളച്ചിറ പുഞ്ചപ്പാടശേഖരത്തിൽ നെല്ലിനൊപ്പം ശുദ്ധജല മത്സ്യകൃഷി കൂടി നടത്താനുള്ള സാധ്യതകൾ അധികൃതർ അവഗണിക്കുന്നു. പാടശേഖരങ്ങളിൽ നെല്ലും മത്സ്യവും കൃഷിചെയ്യാൻ സർക്കാർ പദ്ധതികളുണ്ടെങ്കിലും പോളച്ചിറയിൽ നടപ്പാക്കാൻ അധികൃതർ തയാറാകുന്നില്ല. 1500 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ ഒരുപ്പൂ നെൽകൃഷി മാത്രമാണ് ചെയ്യാൻ കഴിയുക. ശേഷിക്കുന്ന കാലയളവിൽ മത്സ്യകൃഷി നടത്തിയാൽ പഞ്ചായത്തിന് നല്ല വരുമാനമുണ്ടാക്കാൻ കഴിയും. നാട്ടുകാർക്ക് വിഷാംശമില്ലാത്ത നാടൻ മത്സ‍്യം ലഭിക്കുകയും ചെയ്യും. കരിമീൻ കൃഷിക്ക് വൻസാധ്യതയാണ് പോളച്ചിറയിൽ. കൈതക്കോര, വരാൽ, പരൽവർഗത്തിൽപ്പെട്ട കൊഴുവ എന്നിവയാണ് പ്രധാനമായും ഇവിടെനിന്ന് ലഭിച്ചുവരുന്നത്. അഞ്ച് മുതൽ 10 കിലോവരെ തൂക്കം വരുന്ന കൂറ്റൻ വരാലുകളും ധാരാളമായി ലഭിക്കുന്നു. മത്സ്യകൃഷി നടത്താതെ തന്നെ വൻ മത്സ്യസമ്പത്ത് ലഭിക്കാറുണ്ട്. കഴിഞ്ഞവർഷം മത്സ്യം പിടിക്കാനുള്ള അവകാശം 3,05,000 രൂപക്കാണ് ലേലം ചെയ്തു നൽകിയത്. വൻതോതിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷി നടത്തിയാൽ വരുമാനം അനേക ലക്ഷങ്ങളായി വർധിക്കും. നിലവിൽ ഇവിടെനിന്ന് ലഭിച്ചുവരുന്നത് സ്വാഭാവികമായി ഉണ്ടായി വളരുന്ന മത്സ്യസമ്പത്താണ്. മത്സ്യങ്ങൾക്ക് സ്വാഭാവികമായി വളരാനുള്ള സാഹചര്യങ്ങൾ പോളച്ചിറയിലുള്ളതിനാൽ തീറ്റയുടെ ചെലവ് ഒഴിവാകും. വെള്ളം അമിതമായി ഉയർന്നാലും ഒരു മത്സ്യം പോലും നഷ്ടപ്പെടാത്ത സാഹചര്യമാണ്. ശുദ്ധജല മത്സ്യങ്ങളായ രോഹു, കട്ല, മൃഗാൾ ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങൾ നിക്ഷേപിച്ചാൽ വൻ വിളവെടുപ്പ് സാധ്യമാകും. ഇൗ ഇനം മത്സ്യങ്ങൾ ഏറെ രുചികരമായവയായതിനാൽ ഉയർന്ന വിലയും ലഭിക്കും. 50 എച്ച്.പി ശേഷിയുള്ള മോട്ടോറും പെട്ടിയും പറയും ഉപയോഗിച്ചാണ് വെള്ളം വറ്റിക്കുന്നത്. ഇതിനുള്ള ചെലവ് പഞ്ചായത്ത് വഹിക്കും. വെള്ളം വറ്റിക്കുന്നതിനെതിരെ പോളച്ചിറയിൽ നിരന്തരം പ്രതിഷേധമുയരാറുണ്ട്. വെള്ളം വറ്റിച്ചാൽ സമീപപ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാകുന്ന അനുഭവം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തുന്നത്. നാലുവർഷം മുമ്പ് കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് പോളച്ചിറയുടെ സമീപപ്രദേശങ്ങളിലെ കിണറുകളിൽ വിഷംകലർത്തിയ സംഭവമുണ്ടായിട്ടുണ്ട്. വെള്ളം വറ്റിക്കുന്നതിനെ എതിർക്കുന്നവരാണ് ഇതിന് പിന്നിലെന്ന് അന്ന് ആരോപണമുയർന്നിരുന്നു. വെള്ളം വറ്റിക്കുന്ന സമയത്തെച്ചൊല്ലിയാണ് കൂടുതലും ആക്ഷേപം. ഫെബ്രുവരിയിൽ വിളവെടുക്കാൻ കഴിയുന്നതരത്തിൽ വെള്ളം വറ്റിച്ച് നെൽകൃഷിയിറക്കിയാൽ കടുത്ത വേനൽക്കാലത്ത് വെള്ളം വറ്റിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്. ഇപ്പോൾ ഡിസംബർ അവസാനമാകുമ്പോഴാണ് വെള്ളം വറ്റിക്കാനുള്ള നടപടി തുടങ്ങുക. വറ്റുേമ്പാൾ ജനുവരി കഴിയും. മൂന്നുമാസം കൊണ്ട് വിളവെടുപ്പിന് പാകമാകുന്ന നെല്ലാണ് വിതക്കുന്നത്. ഇത് പാകമായി വരുമ്പോഴേക്കും വേനൽമഴയിൽ നാശം സംഭവിക്കുന്ന അനുഭവമുണ്ടാകുന്നുണ്ടെന്ന് കർഷകർ പറയുന്നു. മത്സ‍്യകൃഷിയും നെൽകൃഷിയും യഥാസമയം നടത്താൻ കഴിയുന്നതരത്തിൽ കൃത്യമായ ആസൂത്രണം ഇക്കാര്യത്തിൽ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.