കാസർകോട് സോളാർ പാർക്കിന് ഭൂമി

തിരുവനന്തപുരം: സോളാർ പാർക്ക് നിർമിക്കുന്നതിന് കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ 250 ഏക്കർ ഭൂമി റിന്യൂവബിൾ പവർ കോർപറേഷൻ ഓഫ് കേരളക്ക് ഉപപാട്ടത്തിന് നൽകാൻ മന്ത്രിസഭ അനുമതി നൽകി. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിക്ഷിപ്തമായിരിക്കും. ഇപ്പോൾ സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്ന ഭൂമിയിൽ സോളാർ പാർക്ക് മാത്രമേ നിർമിക്കാവൂവെന്ന വ്യവസ്ഥയിലാണ് ഭൂമി പാട്ടത്തിന് നൽകുന്നത്. കെ.എസ്.ഇ.ബിയുടെ പ്രസരണ സംവിധാനത്തി​െൻറ വോൾട്ടേജ് വർധിപ്പിക്കാൻ കഴിയുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഏറനാട് ലൈൻസ് പാക്കേജ്, ഉത്തരമേഖല എച്ച്.ടി.എൽ.എസ് പാക്കേജ് എന്നീ പ്രവൃത്തികൾ കരാറുകാരെ ഏൽപിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഏറനാട് ലൈൻസ് പാക്കേജിന് 455 കോടി രൂപയും ഉത്തരമേഖല പാക്കേജിന് 63 കോടി രൂപയുമാണ് ചെലവ്. ട്രാൻസ്ഗ്രിഡ് പദ്ധതി 2021 മാർച്ചിന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യം. 6375 കോടി രൂപയാണ് മൊത്തം ചെലവ്. ഇടുക്കി ജില്ലയിലെ പത്തുചങ്ങല പ്രദേശത്ത് 40 വർഷത്തിലേറെയായി താമസിച്ച് കൃഷി ചെയ്തുവരുന്ന കുടുംബങ്ങൾക്ക് ജലവൈദ്യുതി പദ്ധതി പ്രദേശത്തുനിന്ന് മൂന്നു ചെയിൻ വിട്ടുള്ള സ്ഥലത്ത് പട്ടയം നൽകും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുളള സൗത്ത് സോൺ കൾചറൽ സ​െൻററി​െൻറ ഉപകേന്ദ്രം സംസ്ഥാനത്ത് സ്ഥാപിക്കാനും മന്ത്രിസഭയോഗം തത്ത്വത്തിൽ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.