പശ്ചിമഘട്ട മലനിരകളെ തകര്‍ക്കുന്നത് കേരളത്തെ മരുഭൂമിയാക്കി മാറ്റും ^ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാ​േപ്പാലീത്ത

പശ്ചിമഘട്ട മലനിരകളെ തകര്‍ക്കുന്നത് കേരളത്തെ മരുഭൂമിയാക്കി മാറ്റും -ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാേപ്പാലീത്ത വിഴിഞ്ഞം: പശ്ചിമഘട്ട മലനിരകളെ തകര്‍ക്കുന്നത് കേരളത്തെ മരുഭൂമിയാക്കി മാറ്റുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാേപ്പാലീത്ത. പശ്ചിമഘട്ട രക്ഷായാത്രയുടെ സമാപന സമ്മേളനം ചപ്പാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്നപദ്ധതികള്‍ എന്ന പേരില്‍ ഭരണാധികാരികളേറെ കൊട്ടിഗ്ഘോഷിച്ച വിഴിഞ്ഞം പദ്ധതി മത്സ്യത്തൊഴിലാളികളെ തൊഴിലിടങ്ങളില്‍നിന്ന് വേരോടെ പിഴുതെടുത്ത് ദുരന്തത്തിലേക്ക് വലിച്ചെറിയുന്ന വിനാശവികസനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം നിലനിൽക്കാന്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് ആഗസ്റ്റ് 16ന് കാസർകോട് വെള്ളരിക്കുണ്ടില്‍നിന്നാണ് പശ്ചിമഘട്ട രക്ഷായാത്ര ആരംഭിച്ചത്. പാറഖനനമുൾപ്പെടെ മുഴുവന്‍ ഖനനങ്ങളും പൂർണമായും പൊതുമേഖലയിലാക്കുക, വിഴിഞ്ഞം, അതിരപ്പിള്ളി പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുക, വിദേശകുത്തകകള്‍ ബിനാമി പേരില്‍ കൈവശം വെച്ചിരിക്കുന്ന ഏകവിളതോട്ടങ്ങള്‍ ഏറ്റെടുത്ത് വനവിസ്തൃതി വർധിപ്പിക്കുക, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, അനധികൃത ൈകയേറ്റങ്ങള്‍ ഒഴിപ്പിക്കുക, കെട്ടിട നിർമാണ ചട്ടങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യാത്ര. രാവിലെ 10ന് മുല്ലൂര്‍ ഹാര്‍ബര്‍ കവാടത്തില്‍നിന്ന് പദയാത്രയോടെ തുടങ്ങിയ റാലിക്ക് കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ നേതൃത്വം നൽകി. പശ്ചിമഘട്ട രക്ഷായാത്ര ജാഥ ക്യാപ്റ്റന്‍ ജോണ്‍ പെരുവന്താനം അധ്യക്ഷതവഹിച്ചു. കൂടങ്കുളം സമരനായകന്‍ എസ്.പി. ഉദയകുമാര്‍, ജാഥ വൈസ് ക്യാപ്റ്റന്‍ ടി.എം. സത്യനില്‍നിന്ന് സമരജ്വാല ഏറ്റുവാങ്ങി സിന്ധു നെപ്പോളിയന് കൈമാറി. എന്‍.എ.പി.എം ദേശീയ കണ്‍വീനര്‍ മധുരേഷ് കുമാര്‍ (ഡല്‍ഹി) മുഖ്യപ്രഭാഷണം നടത്തി. എന്‍.എ.പി.എം ദേശീയ നേതാക്കളായ സുഹാസ് ഖൊലേക്കര്‍ (മഹാരാഷ്ട്ര), വിളയോടി വേണുഗോപാല്‍, പ്രഫ. കുസുമം ജോസഫ്, ടി. പീറ്റര്‍ തുടങ്ങിയവരും പ്രഫ. പി.ജെ. ജയിംസ്, അമ്പലത്തറ കുഞ്ഞുകൃഷ്ണന്‍, ജോസഫ് സി. മാത്യു, എസ്. ബാബുജി, എല്‍. പങ്കജാക്ഷന്‍, പ്രസാദ് സോമരാജന്‍ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.