ഈ സ്​റ്റേഡിയങ്ങളൊക്കെ ആർക്കുവേണ്ടിയാണ് സർ?

തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസിനോടനുബന്ധിച്ചാണ് നാമാവശേഷമായിക്കൊണ്ടിരുന്ന തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും യൂനിവേഴ്സിറ്റി സ്റ്റേഡിയവുമൊക്കെ സർക്കാർ കോടികൾ മുടക്കി മിനുക്കിയെടുത്തത്. അന്ന് ഗെയിംസിന് പുറമെ സർക്കാറിന് മറ്റൊരു ലക്ഷ്യവും കൂടിയുണ്ടായിരുന്നു. മികച്ച നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും കായികോപകരണങ്ങളും ഗെയിംസ് കഴിഞ്ഞാലും സാധാരണക്കാരായ കായികതാരങ്ങൾക്ക് ഉപയോഗിക്കാൻ അവസരമൊരുക്കുകയെന്നത്. എന്നാൽ, വർഷങ്ങൾക്കിപ്പുറം സർക്കാറി​െൻറ ഉദ്ദേശശുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ രണ്ട് സ്റ്റേഡിയങ്ങളും ജില്ല സ്കൂൾ കായികമേളക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. കേരള പൊലീസി​െൻറ കൈയിലുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനും കേരള സർവകലാശാലയുടെ കൈയിലുള്ള യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിനും പ്രതിദിനം 30,000 രൂപയാണ് ബന്ധപ്പെട്ടവർ ചോദിക്കുന്നത്. കഴിഞ്ഞ മൂന്നുവർഷമായി സ്കൂൾ മീറ്റിന് സ്റ്റേഡിയം വിട്ടുകിട്ടുന്നതിന് സംഘാടകർ ഇവരുമായി ബന്ധപ്പെട്ടെങ്കിലും വാടകയിനത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറായില്ല. ഇതോടെ, കാര്യവട്ടം എൽ.എൻ.സി.പി.ഇയിലേക്കാണ് തുച്ഛമായ തുകയുമായി സംഘാടകർ പോകുന്നത്. ഇതുവഴി വൻ യാത്ര ദുരിതമാണ് കായികതാരങ്ങൾക്ക് ഉണ്ടാകുന്നത്. പാറശ്ശാല, നെയ്യാറ്റിൻകര ഉപജില്ലകളിൽ നിന്നുവരുന്നവർ തമ്പാനൂരിൽ ട്രെയിനിറങ്ങിവേണം കാര്യവട്ടത്തേക്ക് ബസ് കയറേണ്ടത്. പലപ്പോഴും പോൾവാൾട്ട് പോലെ കായിക ഉപകരണങ്ങളും ബാഗുകളും ഉണ്ടാകുമെന്നതിനാൽ കെ.എസ്.ആർ.ടി.സിക്ക് പകരം മറ്റ് സ്വകാര്യവാഹനങ്ങളെയാണ് കായിക അധ്യാപകർ ആശ്രയിക്കുന്നത്. എത്ര സ്കൂളുകൾക്ക് ഈ ചെലവ് താങ്ങാൻ കഴിയുമെന്നത് മറ്റൊരു ചോദ്യം. പാലോട്, കാട്ടാക്കട എന്നിവിടങ്ങളിൽനിന്ന് വരുന്ന കായികതാരങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. മൂന്നുദിവസം കൊണ്ട് നൂറോളം മത്സരങ്ങൾ തീർക്കേണ്ടതുള്ളതുകൊണ്ട് രാവിലെ എട്ടിന് തന്നെ മത്സരങ്ങൾ ആരംഭിക്കാറുണ്ട്. ഇതും മത്സരാർഥികൾക്കും പരിശീലകർക്കും വെല്ലുവിളിയാണ്. രണ്ടും മൂന്നും ബസുകൾ കയറിയാണ് പലരും കാര്യവട്ടത്തേക്ക് എത്തുന്നത്. കുട്ടികളുടെ യാത്രദുരിതം കണക്കിലെടുത്ത് ഇത്തവണയെങ്കിലും നഗരത്തിലെ ഏതെങ്കിലും ഒരു സ്റ്റേഡിയം അനുവദിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടെങ്കിലും 25,000 രൂപയും ജി.എസ്.ടിയും വേണമെന്ന കാര്യത്തിൽ പൊലീസും യൂനിവേഴ്സിറ്റി അധികാരികളും ഉറച്ചുനിന്നു. ഇതോടെ, വീണ്ടും കളി കാര്യവട്ടത്തായി. 5,000 രൂപക്ക് എൽ.എൻ.സി.പി.ഇ എല്ലാ സൗകര്യവുമൊരുക്കി. സാധാരണക്കാരുടെ മക്കൾക്ക് മത്സരിക്കാൻ വാടകയിനത്തിൽ ഇളവ് നൽകിയില്ലെങ്കിൽ എന്തിനാണ് ഈ സ്റ്റേഡിയങ്ങളൊക്കെ എന്ന ചോദ്യമാണ് കായികാധ്യാപകർക്ക് സർക്കാറിനോട് ചോദിക്കാനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.