തീരദേശത്തെ റോഡുകള്‍ വെള്ളത്തിലായി ---------------------------

വലിയതുറ: മഴ തകര്‍ത്തതോടെ തീരപ്രദേശത്തെ റോഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങി. മലിനജലം വീടുകളിലേക്കും കച്ചവടസ്ഥാപനങ്ങളിലേക്കും ഒഴുകിയിറങ്ങാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ദുരിതത്തിലായി. റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്ന ആശങ്കയും തീരദേശത്ത് ശക്തമായിട്ടുണ്ട്. മഴക്കാലത്തിന് മുമ്പേ ഓടകള്‍ വൃത്തിയാക്കാത്തതും ഓടകളില്‍ മാലിന്യം തള്ളുന്നതും മൂലം വെള്ളം ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. ഇതിന് പുറമേ പനത്തുറ മുതല്‍ വേളി വരെ തിര കൂടുതലായി അടിച്ചുകയറുന്നത് തീരത്ത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തീരം നഷ്ടമാകുന്നത് കാരണം കടലിലേക്ക് വള്ളമിറക്കാന്‍ കഴിയാതെ തീരവാസികളും ദുരിതത്തിലായി. വെള്ളിയാഴ്ച രാത്രി മുതല്‍ തകര്‍ത്തുപെയ്ത മഴയാണ് തീരത്ത് ദുരിതം വിതച്ചത്. പൂന്തൂറ, മാണിക്യവിളാകം, ആലുകാട്, കുമരിച്ചന്തക്ക് സമീപം, ബീമാപള്ളി, ചെറിയതുറ, വലിയതുറ, അമ്പലത്തറ, കല്ലാട്ട് മുക്ക്, പരവന്‍കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലുമാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. നഗരസഭ ഓടകള്‍ വൃത്തിയാക്കാൻ പണം അനുവദിച്ചുവെങ്കിലും ഓടകള്‍ മാലിന്യമുക്തമായില്ല. പ്ലാസ്റ്റിക് ഉള്‍പ്പെടെ അറവുമാലിന്യം ഓടകളില്‍ നിറഞ്ഞതിനാൽ വെള്ളം ഒഴുകിപ്പോകുന്നില്ല. ഓടകളില്‍ മലിന്യവും വെള്ളവും നിറഞ്ഞതോടെ ദുര്‍ഗന്ധം മൂലം വീടിനുള്ളില്‍ പോലും കഴിയാൻപറ്റാത്ത അവസ്ഥയാണ്. ബീമാപള്ളി മേഖലയില്‍ ഓടകള്‍ ഇല്ലാത്തതും റോഡിലെ വെള്ളക്കെട്ടിന് കാരണമായി. ഇവിടെ വെള്ളം ഒഴുകിപ്പോകാന്‍ മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. അതിനാല്‍, മഴപെയ്ത് ദിവസങ്ങൾ കഴിഞ്ഞാലും ഇവിടത്തെ വെള്ളക്കെട്ടിന് ശമനമുണ്ടാകാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വെള്ളക്കെട്ടിന് പുറമേ തീരദേശത്തെ ഇടറോഡുകള്‍ തകര്‍ന്നത് വാഹനയാത്രക്കാരെയും ദുരിതത്തിലാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.