കൈക്കൂലിക്കാരായ ഉദ്യോഗസ്​ഥരെ പരസ്യമാക്കി കൗൺസിലർമാർ

തിരുവനന്തപുരം: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പരസ്യമാക്കി കൗൺസിലർമാർ രംഗത്തുവന്നു. ഒപ്പം റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാത്തത് ചോദ്യം ചെയ്തെത്തിയ തന്നെ റവന്യൂ ഇൻസ്പെക്ടർ നാണം കെടുത്തി പറഞ്ഞയച്ചുവെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പറഞ്ഞു. റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ നൽകാനും വിമുക്തഭട​െൻറ വിധവക്ക് കെട്ടിട വാടക കുറച്ചുനൽകാനും റവന്യൂ വിഭാഗത്തിലെ ഇൻസ്പെക്ടർമാർ കൈക്കൂലി വാങ്ങിയെന്നാണ് കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ കൗൺസിലർമാർ ശക്തമായ ആരോപണം ഉന്നയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സെക്രട്ടറിയെ മേയർ വി.കെ. പ്രശാന്ത് ചുമതലപ്പെടുത്തി. അടുത്ത കൗൺസിൽ യോഗത്തിന് മുമ്പ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു. ധനകാര്യ സ്ഥിരം സമിതി അവതരിപ്പിച്ച വിഷയങ്ങൾ പരിഗണിക്കവെയാണ് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ഉണ്ണികൃഷ്ണൻ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ചത്. മികച്ച സേവനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥരുണ്ട്. എന്നാൽ, അവർക്കുപോലും കളങ്കം ഉണ്ടാക്കുന്ന ചില അഴിമതിക്കാരും കോർപറേഷനിലുണ്ട്. ഭിന്നശേഷിയുള്ള അപേക്ഷകനോട് 500 രൂപയാണ് റസിഡൻഷ്യൽ സർട്ടിഫിക്കറ്റിനായി റവന്യൂ ഇൻസ്പെക്ടർ ചോദിച്ചതെന്ന് ഉദ്യോഗസ്ഥയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി ഉണ്ണികൃഷ്ണൻ ആരോപണം ഉന്നയിച്ചു. പറഞ്ഞ തുക നൽകിയശേഷമേ സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥ നൽകിയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു അപേക്ഷകൻ റസിഡൻഷ്യൽ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോൾ വാടകച്ചീട്ടും വീട്ടുടമയുടെ സമ്മതപത്രവും ഹാജരാക്കണമെന്ന് റവന്യൂ ഇൻസ്പെക്ടർ ആവശ്യപ്പെട്ടു. അതുമായി ചെന്നപ്പോൾ കൗൺസിലറുടെ കത്ത് വേണമെന്നായി ആവശ്യം. കൗൺസിലർ നൽകിയ കത്ത് സ്വീകരിക്കില്ലെന്ന് അറിയിച്ചപ്പോൾ കൗൺസിലർ എന്ന നിലയിൽ താൻ നേരിട്ട് കാര്യം തിരക്കി. ആ വൈരാഗ്യത്തിൽ അടുത്തദിവസം ത​െൻറ സഹോദര​െൻറ വീടിനെക്കുറിച്ച് അന്വേഷിക്കാൻ ബിൽഡിങ് ഇൻസ്പെക്ടറെ പറ‍ഞ്ഞുവിട്ടു. കാര്യം തിരക്കിയപ്പോൾ കെട്ടിട നികുതിയിനത്തിൽ സഹോദരൻ വൻ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും അത് അന്വേഷിക്കാനാണ് എത്തിയതെന്നുമാണ് ഇൻസ്പെക്ടർ മറുപടി പറഞ്ഞത്. തന്നെ നാണം കെടുത്തുന്നതിന് വേണ്ടിയാണിതെന്ന് ഉണ്ണികൃഷ്ണൻ ആരോപിച്ചു. ബി.ജെ.പി കൗൺസിലർ കരമന അജിത് ആണ് മറ്റൊരു കൈക്കൂലി ഉന്നയിച്ചത്. വിമുക്തഭടന്മാരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് നികുതി ഇളവ് നൽകിയിട്ടുണ്ട്. ഈ ഇളവ് നേടിയെടുക്കാൻ 10 മാസമായി വിമുക്തഭട​െൻറ ഭാര്യ കോർപറേഷൻ ഓഫിസ് കയറിയിറങ്ങുകയാണ്. ഇവരിൽനിന്ന് തിരുവല്ലം സോണൽ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ 500 രൂപ കൈക്കൂലി ചോദിച്ചതായി അജിത് വെളിപ്പെടുത്തി. ഇത്തരം ആരോപണങ്ങളെതുടർന്നാണ് മേയർ അന്വേഷണം പ്രഖ്യാപിച്ചത്. റിച്ചാർഡ് ഹേ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നീറമൺകര, കൈമനം, പാപ്പനംകോട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻറിന് മുൻവശം, കാരക്കാമണ്ഡപം, വെള്ളായണി ജങ്ഷൻ, നേമം പൊലീസ് സ്റ്റേഷന് മുൻവശം, പൂജപ്പുര, പട്ടം, മുറിഞ്ഞപാലം എന്നിവിടങ്ങളിൽ ബസ് ഷെൽട്ടറുകൾ നിർമിക്കാൻ കൗൺസിൽ അനുമതി നൽകി. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കുവേണ്ടി രണ്ട് ഷെൽട്ടറുകൾ ദേശീയ നഗര ഉപജീവന മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമിക്കാൻ കൗൺസിൽ തീരുമാനിച്ചു. ഡോർമെട്രി, സിംഗിൾ റൂം, ഫാമിലി റൂം എന്നിവയുൾപ്പെടുന്നതാണിത്. 86 പേർക്കും 192 പേർക്കും താമസസൗകര്യമുള്ള ഷെൽട്ടറുകളാണ് നിർമിക്കുക. എസ്.എ.ടി ആശുപത്രിക്ക് സമീപത്ത് പുരുഷന്മാർക്ക് വിശ്രമകേന്ദ്രം നവീകരിക്കും. ചെല്ലമംഗലം വാർഡിൽ 100 പേർക്ക് താമസസൗകര്യമുള്ള ഷെൽട്ടർ നിർമിക്കാനും യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.