25നകം റോഡ്​ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന്​ മന്ത്രിയുടെ അന്ത്യശാസനം

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണിക്ക് സമയപരിധി നിശ്ചയിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഒക്ടോബർ 25നകം മുഴുവൻപ്രവൃത്തിയും പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എൻജിനീയർമാർക്ക് കർശനനിർദേശം നൽകി. ഒാരോ ജില്ലയിലെയും റോഡ് അറ്റകുറ്റപ്പണിയുടെ ചുമതല വഹിക്കുന്ന എൻജിനീയർമാരുടെ പട്ടിക സഹിതമാണ് മന്ത്രിയുടെ ഇടപെടൽ. അറ്റകുറ്റപ്പണിക്ക് 350 കോടി രൂപ അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി തുടങ്ങാത്ത സാഹചര്യത്തിലാണ് സമയപരിധി നിശ്ചയിച്ച് മന്ത്രി രംഗത്തിറങ്ങിയത്. മഴമാറിയിട്ടും അറ്റകുറ്റപ്പണി ആരംഭിക്കാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ സമയബന്ധിതമായി നൽകുന്നതിൽ പൊതുമരാമത്ത് വകുപ്പിലെ ഉയർന്ന ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മന്ത്രി പറഞ്ഞു. സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടും ഇക്കാര്യത്തിൽ ചില പൊതുമരാമത്ത് എൻജിനീയർമാരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രവർത്തനം ഉണ്ടായില്ല. നിയമസഭാമണ്ഡലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് എൻജിനീയർമാർക്ക് കർശനനിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡെപ്യൂട്ടി ചീഫ് എൻജിനീയർ (നിരത്തുകളും പാലങ്ങളും) എന്നിവർക്കാണ് അറ്റകുറ്റപ്പണിയുടെ ചുമതല. കൊല്ലത്ത് നിരത്തുകളും പാലങ്ങളും വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ, പത്തനംതിട്ടയിലും ആലപ്പുഴയിലും നിരത്തുകളും പാലങ്ങളും വിഭാഗം ചീഫ് എൻജിനീയർ, ഇടുക്കി, കോട്ടയം ജില്ലകളിൽ കെ.എസ്.ടി.പി ചീഫ് എൻജിനീയർ, എറണാകുളത്ത് േപ്രാജക്ട് ഡയറക്ടർ (കെ.ആർ.എഫ്.ബി-പി.എം.യു), തൃശൂരിൽ ചീഫ് എൻജിനീയർ (മെയിൻറനൻസ്), മലപ്പുറത്ത് ചീഫ് എൻജിനീയർ (ആർ.ബി.ഡി.സി.കെ), പാലക്കാട് ചീഫ് എൻജിനീയർ (ദേശീയപാത വിഭാഗം), കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാനേജിങ് ഡയറക്ടർ (കെ.എസ്.സി.സി), വയനാട് ചീഫ് എൻജിനീയർ (രൂപകൽപന വിഭാഗം), കാസർകോട് ചീഫ് എൻജിനീയർ (കെട്ടിടവിഭാഗം) എന്നിവർക്കാണ് ചുമതല. നിലവിലെ ജോലിക്ക് തടസ്സമില്ലാതെ ഇവർ രണ്ട് ദിവസമെടുത്ത് ജില്ലകൾ സന്ദർശിച്ച് അറ്റകുറ്റപ്പണി ഉറപ്പാക്കി ഒക്ടോബർ 20ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം. മന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറിമാർ വിവിധജില്ലകളിൽ റോഡുകൾ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.