ഉമയനല്ലൂർ: വീട്ടുമുറ്റത്തെത്തിയ പറക്കമുറ്റാത്ത ദേശാടനപ്പക്ഷിക്കുഞ്ഞുങ്ങൾ നാട്ടുകാർക്ക് കൗതുകമായി. ഉമയനല്ലൂർ കനാലിന് സമീപം അലുംകടവിൽ കെ. ഫസിലുദീെൻറ വീട്ടുമുറ്റത്തേക്കാണ് ഞായറാഴ്ച വൈകീട്ട് അപ്രതീക്ഷിത അതിഥികളെത്തിയത്. വൈകീട്ട് ആറു പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷിയും എത്തുകയായിരുന്നു. ആൾ പെരുമാറ്റം കണ്ടതോടെ പക്ഷിക്കുഞ്ഞുങ്ങളെ തനിച്ചാക്കി തള്ളപ്പക്ഷി പറന്നുപോയി. താറാവ് കുഞ്ഞുങ്ങളാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. സൂക്ഷ്മ നിരീക്ഷണം നടത്തിയപ്പോഴാണ് വീട്ടിലെത്തിയ അതിഥികൾ ദേശാടനപ്പക്ഷികളാണെന്ന് മനസ്സിലായത്. തള്ളപ്പക്ഷി മടങ്ങിവരുമെന്ന് കരുതി കുഞ്ഞുപക്ഷികളെ വീട്ടുകാർ മുറ്റത്തുതന്നെ സുരക്ഷിതമായി സൂക്ഷിച്ചു. പക്ഷേ, തള്ളപ്പക്ഷി മടങ്ങിവന്നില്ല. രാത്രിയായതോടെ പക്ഷിക്കുഞ്ഞുങ്ങളെ ഫസിലുദീനും കൊച്ചുമക്കളും വീട്ടിനകത്തേക്ക് കൊണ്ടുപോയി സുരക്ഷിതമായി സൂക്ഷിച്ചു. തള്ളപ്പക്ഷി വീണ്ടും വന്നെങ്കിലോ എന്ന് കരുതി തിങ്കളാഴ്ച രാവിലെ പക്ഷിക്കുഞ്ഞുങ്ങളെ വീണ്ടും വീടിന് പുറത്തെത്തിച്ചു. ദേശാടനപ്പക്ഷിക്കുഞ്ഞുങ്ങൾ വീട്ടുമുറ്റത്ത് എത്തിയതറിഞ്ഞ് തിങ്കളാഴ്ച രാവിലെ മുതൽ ഫസിലുദീെൻറ വീട്ടുമുറ്റത്തേക്ക് അയൽക്കാർ എത്തിത്തുടങ്ങി. വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് പക്ഷിക്കുഞ്ഞുങ്ങളെ കൈമാറുമെന്ന് ഫസിലുദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.