പാങ്ങോട് പഞ്ചായത്തിൽ അവിശ്വാസം പാസായില്ല ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല

കിളിമാനൂർ: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പാങ്ങോട് പഞ്ചായത്തിൽ സി.പി.എമ്മിലെ വൈസ് പ്രസിഡൻറിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാക്കാനായില്ല. ഭൂരിപക്ഷ പിന്തുണയില്ലാതായതോടെ പ്രമേയം കോൺഗ്രസിന് പിൻവലിക്കേണ്ടിവന്നു. ബി.ജെ.പി പിന്തുണ നൽകാമെന്ന് വാക്കാൽ പറഞ്ഞിരുന്നതായും സമയത്ത് വിട്ടുനിന്നത് സി.പി.എമ്മുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണെന്നും കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ ആരോപിച്ചു. എന്നാൽ, കോൺഗ്രസുകാരെപ്പോലെ ഭരണം പിടിക്കാൻ ബി.ജെ.പി അവിശുദ്ധ കൂട്ടുകൂടിയിട്ടില്ലെന്നും പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ബി.ജെ.പി വാമനപുരം നിയോജക മണ്ഡലം പ്രസിഡൻറ് അനിൽ വെളിയംദേശം പറഞ്ഞു. 19 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് -ആറ്, കോൺഗ്രസ് -അഞ്ച്, ബി.ജെ.പി നാല്, എസ്.ഡി.പി.ഐ മൂന്ന്, വെൽെഫയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ എസ്.ഡി.പി.ഐയിലെ രണ്ടംഗങ്ങൾ കോൺഗ്രസിനൊപ്പം നിന്നു. ഇരുവർക്കും തുല്യനില വന്നപ്പോൾ നറുക്കെടുപ്പിലൂടെ കോൺഗ്രസിൽ നിന്ന് പ്രസിഡൻറും സി.പി.എമ്മിൽ നിന്ന് വൈസ്പ്രസിഡൻറും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം വെൽെഫയർ പാർട്ടി അംഗത്തെ കൂടി കൂട്ടുപിടിച്ചാണ് കോൺഗ്രസ് വൈസ്പ്രസിഡൻറ് സുഭാഷിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. ബി.ജെ.പിയുടെ പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു കോൺഗ്രസിന്. എന്നാൽ, ബുധനാഴ്ച നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നതോടെ നോട്ടീസ് പിൻവലിക്കാൻ കോൺഗ്രസ് നിർബന്ധിതരാവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.