ഇ. ചന്ദ്രശേഖര​െൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം

തിരുവനന്തപുരം: മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. ഇടതുപക്ഷ ജനാധിപത്യ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും സമൂഹത്തെ മതനിരപേക്ഷമാക്കുന്നതിലും വലിയ പങ്കാണ് അദ്ദേഹം വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. കാര്യങ്ങള്‍ പഠിച്ചവതരിപ്പിക്കുന്ന നിയമസഭാ സാമാജികന്‍, മൗലികമായ പരിഷ്കാരങ്ങള്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്ന മന്ത്രി, സമകാലിക രാഷ്ട്രീയ കാര്യങ്ങള്‍ അപഗ്രഥിക്കുന്ന പംക്തികാരന്‍ എന്നിങ്ങനെ എത്രയോതലങ്ങളില്‍ ശ്രദ്ധേയനായ അദ്ദേഹം പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിൽ ചരിത്രപരമായ പങ്കുവഹിച്ചെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഉന്നത ശീര്‍ഷനായ നേതാവിനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളം കണ്ട മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാൾ. മാവേലി സ്‌റ്റോര്‍ ഉള്‍പ്പെടെ അദ്ദേഹം മന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം വലിയ മാറ്റങ്ങളുണ്ടാക്കി. എന്നും പാവങ്ങൾക്കൊപ്പം നിന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല അനുസ്മരിച്ചു. സൗമ്യദീപ്തമായ വ്യക്തിത്വംകൊണ്ട് കേരളക്കരയില്‍ വെളിച്ചം വിതറിയ പ്രതിഭാശാലിയായ നേതാവായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായരെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു. അധികാരത്തി​െൻറ പ്രകോപനങ്ങളിലോ പ്രലോഭനങ്ങളിലോ പെട്ടുപോകാത്ത ഇദ്ദേഹം ജീവിതംകൊണ്ട് മാതൃകയായെന്നും സ്പീക്കർ പറഞ്ഞു. 1957ലെ ഒന്നാമത്തെ നിയമസഭയിൽ 'ജിഞ്ചർ ഗ്രൂപ്'എന്ന പേരിൽ അറിയപ്പെട്ട നിയമസഭാ അംഗങ്ങളിൽ പ്രമുഖനായിരുന്നു ചന്ദ്രശേഖരൻ നായരെന്നും അങ്ങേയറ്റം സൗമ്യദീപ്തമായ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്നും ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ അനുസ്മരിച്ചു. ആദര്‍ശധീരനായ രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായതെന്നും നല്ലൊരു കമ്യൂണിസ്റ്റായ അദ്ദേഹം രാഷ്ട്രീയത്തിനതീതമായി പെരുമാറിയെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം.ഹസന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ ഐക്യത്തിനു വേണ്ടി ഏറ്റവും പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ഉത്തമ കമ്യൂണിസ്റ്റ് നേതാവും ഭരണകര്‍ത്താവുമായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായരെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എല്‍.ഡി.എഫ്‌ ശക്തിപ്പെടുത്തുന്നതിനും സി.പി.എം-സി.പി.ഐ ബന്ധം സുദൃഢമാക്കുന്നതിനും അവിസ്‌മരണീയമായ പങ്കാണ്‌ അദ്ദേഹം വഹിച്ചതെന്നും കോടിയേരി അനുസ്മരിച്ചു. ആദര്‍ശധീരന്‍, മികച്ച ഭരണാധികാരി, മികച്ച പാര്‍ലമെേൻററിയന്‍, കറകളഞ്ഞ മനുഷ്യസ്‌നേഹി തുടങ്ങിയ നിരവധി മുദ്രകളാല്‍ അദ്ദേഹം എക്കാലവും സ്മരിക്കപ്പെടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി അനുസ്മരിച്ചു. സൗമ്യശീലനും മിതഭാഷിയുമായ ഭരണതന്ത്രജ്ഞനെയാണ് നഷ്ടമായതെന്ന് കെ.എം.മാണി പറഞ്ഞു. നിയമസഭാ സാമാജികൻ എങ്ങനെ പ്രവർത്തിക്കണം എന്നതി​െൻറ ഉത്തമ മാതൃകയായിരുന്നു അദ്ദേഹമെന്ന് വി.എം. സുധീരൻ അനുസ്മരിച്ചു. മന്ത്രിമാരായ എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്. സുനിൽകുമാർ, കെ. രാജു, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, പി. തിലോത്തമൻ, മാത്യു ടി. തോമസ്, എന്നിവരും അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.