അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾ നിർത്തിവെപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: അനധികൃതമായി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം നിർത്തിവെപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ക്വാറി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ചികിത്സയിലിരിക്കുന്നവർക്ക് സൗജന്യ ചികിത്സയും നൽകണമെന്ന ആവശ്യത്തിൽ കമീഷൻ വിശദീകരണം തേടി. ജില്ല കലക്ടറും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറും ജനുവരി മൂന്നിനകം നടപടി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ ജഡ്ജി പി. മോഹനദാസ് ആവശ്യപ്പെട്ടു. മാരായമുട്ടത്തിനു സമീപം ക്വാറിയിലുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്. പഞ്ചായത്തി​െൻറ അനുമതിയില്ലാതെയാണ് ക്വാറി പ്രവർത്തിച്ചിരുന്നതെന്ന് പരാതിയിൽ പറയുന്നു. ഇത്തരത്തിൽ 90 ക്വാറികൾ ലൈസൻസില്ലാതെ ജില്ലയിൽ മാത്രം പ്രവർത്തിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയിൽ പറഞ്ഞു. അധികൃതർ ഒത്താശ ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് ഇത്തരം ക്വാറികൾ പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രവർത്തിക്കുന്ന ക്വാറികൾ കാരണമാണ് പാവപ്പെട്ട തൊഴിലാളിയുടെ ജീവൻ നഷ്ടപ്പെടുന്നത്. ലൈസൻസില്ലാതെ പ്രവർത്തിച്ച മാരായമുട്ടത്തെ ക്വാറി ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.