നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് ലോറിയും കാറും തകർത്തു

ചവറ: നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് ലോറിയിടിച്ച് തകർത്തശേഷം കാറിലിടിച്ചുനിന്നു. അപകടത്തിൽ കാർ യാത്രികരായ ദമ്പതികളും യാത്രക്കാരും തലനാരിഴക്ക് രക്ഷപ്പെട്ടു. ബസ് ഡ്രൈവർക്കും കാർ യാത്രക്കാർക്കും നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.05ന് ദേശീയപാതയിൽ ശങ്കരമംഗലം പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം. കോട്ടയത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ കരുനാഗപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിലിടിക്കുകയായിരുന്നു. ലോറിയുടെ ബോഡി വാഹനത്തിൽനിന്ന് അടർന്നുവീണു. ബസ് എതിരെവന്ന കാറിലിടിച്ചാണ് നിന്നത്. അപകടത്തിൽ ബസി​െൻറ ബ്രേക്ക് നഷ്ടമായതാണ് കാറിലിടിക്കാൻ കാരണമായത്. ലോറിയുടെ ബോഡി ബസ് കാത്തുനിൽക്കുന്ന സ്ഥലത്തേക്കാണ് തെറിച്ചുവീണത്. ബസ് കാത്തുനിന്ന യാത്രക്കാർ ഓടിമാറിയത് കാരണം രക്ഷപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ഹരിപ്പാട്ട് ബന്ധുവീട്ടിൽ പോകുകയായിരുന്ന ദമ്പതികളും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം കവടിയാർ പാർവതി നഗറിൽ ഉഷാ മന്ദിരത്തിൽ ജ്യോതികുമാർ, ഭാര്യ മായ, സഹോദരി ഉമ ശ്രീധർ, ബന്ധുവായ ഡ്രൈവർ സുരേഷ് എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ബസി​െൻറയും കാറി​െൻറയും മുൻഭാഗം പൂർണമായും തകർന്നു. അപകടം കണ്ട് ഓടിയെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് ബസ് ഡ്രൈവറെ വാഹനത്തിൽനിന്ന് പുറത്തെത്തിച്ചത്. ഇയാൾക്ക് നിസ്സാര പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പൊട്ടിയ ചില്ലുകളും ഡീസലും നിറഞ്ഞ റോഡ് ചവറ ഫയർഫോഴ്സെത്തി കഴുകി വൃത്തിയാക്കി. ശങ്കരമംഗലം പൊലീസ് സ്റ്റേഷന് മുൻഭാഗമിപ്പോൾ അപകട മേഖലയായി മാറിയിരിക്കുകയാണ്. യാത്രക്കാരെ ഇടിക്കാതിരിക്കാൻ നിർത്തിയ വാഹനത്തിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഏഴു വാഹനങ്ങൾ തകർന്നതും അഞ്ചുപേർക്ക് പരിക്കേറ്റതും ദിവസങ്ങൾക്ക് മുമ്പാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.