സര്‍ക്കാര്‍ വിദ്യാലയം എല്ലാ ക്ലാസ് മുറികളും ശീതീകരിച്ച് നൂതന പഠന സങ്കേതങ്ങള്‍ ലഭ്യമാക്കുന്നു

ആറ്റിങ്ങല്‍: ചൂടും പൊടി പടലവും മഴക്കാലത്ത് ചോര്‍ച്ചയുമുള്ള ക്ലാസ് മുറികള്‍ ഇന്നെലകളുടെ ഒാർമയിലേക്ക് ഒതുങ്ങുന്നു. സര്‍ക്കാര്‍ വിദ്യാലയം എല്ലാ ക്ലാസ് മുറികളും ശീതീകരിച്ച് നൂതന പഠന സങ്കേതങ്ങള്‍ അവതരിപ്പിക്കുകയാണ്. ചിറയിന്‍കീഴ് ശാര്‍ക്കര ഗവ.യു.പി.എസാണ് പൂര്‍ണമായും ശീതീകരിച്ച ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന ബഹുനില കെട്ടിടം ഒരുക്കിയിരിക്കുന്നത്. നിര്‍ധന കുടുംബങ്ങളിലെ മുന്നൂറോളം കുട്ടികള്‍ മാത്രം പഠിക്കുന്ന പൊതുവിദ്യാലയമാണിത്. സ്‌കൂളി​െൻറ ശതോത്തര വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാല് വര്‍ഷത്തിനിടെ രണ്ടു കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ശതോത്തര വജ്രജൂബിലി സ്മാരക ബഹുനില മന്ദിരം. ഈ കെട്ടിടത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് ക്ലാസ് മുറികളുടെ ശീതീകരണവും ഡിജിറ്റലൈസേഷനും നടത്തി. ആദ്യനിലയിലെ ആറ് ക്ലാസ് മുറികളും രണ്ടാംനിലയില്‍ വിശാലമായ ഹാളുമാണുള്ളത്. കെല്‍ട്രോണ്‍ മുഖേനയാണ് ഡിജിറ്റലൈസേഷന്‍ യാഥാര്‍ഥ്യമാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ വിദ്യാലയം ക്ലാസ് മുറികള്‍ പൂര്‍ണമായും ശീതീകരിച്ച് ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷ് വാര്‍ത്തസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ശീതീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം ബുധനാഴ്ച മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഡീന, എസ്.എം.സി ചെയര്‍മാന്‍ സി. രവീന്ദ്രന്‍, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീഹ, വാര്‍ഡ് മെംബര്‍ വി. ബേബി, എച്ച്.എം. കെ.എസ്. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.