നെടുമൺകാവ് മാർക്കറ്റിൽ സൗകര്യങ്ങൾ ഉണ്ട്​; മാലിന്യവും

വെളിയം: അടിസ്ഥാന സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും നെടുമൺകാവ് മത്സ്യച്ചന്ത ചീഞ്ഞുനാറുകയാണ്. ടൈൽസ് പാകിയ തറ, കച്ചവടക്കാർക്ക് ഇരിക്കാൻ കോൺക്രീറ്റ് ബെഞ്ചുകൾ, വെള്ളമെടുക്കാൻ ടാപ്പുകൾ, മലിനജലമൊഴുകാൻ ഓടകൾ തുടങ്ങി സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. കുമിഞ്ഞുകൂടുന്ന മാലിന്യമാണ് ഇവിടെ വില്ലനാകുന്നത്. വൃത്തിഹീനമായി കിടന്ന ചന്ത മാസങ്ങൾക്കു മുമ്പാണ് ആധുനിക രീതിയിൽ നവീകരിച്ചത്. ജാഗ്രതക്കുറവും അധികാരികളുടെ ഉദാസീന നയവും കാര്യങ്ങൾ വീണ്ടും പഴയനിലയിൽ എത്തിച്ചു. അശാസ്ത്രീയമായി ടൈൽസ് പാകിയിരിക്കുന്നതിനാൽ തറയിൽ മീൻവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. മഴയത്ത് മണ്ണും ചന്തമാലിന്യവും അടിഞ്ഞുകൂടി ഓടയിൽ വെള്ളം കെട്ടിനിൽക്കുന്നു. ചീഞ്ഞളിഞ്ഞത് കാരണം മൂക്ക് പൊത്താതെ നടക്കാനാകില്ല. മാർക്കറ്റ് ശുചീകരണത്തിനായി തൊഴിലാളിയെ പഞ്ചായത്തിന് നിയോഗിക്കാമെങ്കിലും ഇതിനുള്ള നടപടി ഇല്ല. മാലിന്യം യഥാസമയം സംസ്കരിക്കാൻ സൗകര്യമില്ലാത്തതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. സമീപെത്ത ചില വീടുകളിലും ഹോട്ടലുകളിലുംനിന്നുള്ള മാലിന്യവും ചന്തയിൽ കൊണ്ടുവന്ന് തള്ളുന്നതായി പരാതിയുണ്ട്. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനാണ് ഇതു കാരണമാകുന്നത്. ചന്ത സമീപത്ത് ഉപയോഗശൂന്യമായി കിടക്കുന്ന പുതുവൽ ഭൂമിയിലേക്ക് മാറ്റുന്നതിനും നിലവിൽ ചന്ത നിൽക്കുന്നിടത്ത് ഷോപിങ് കോംപ്ലക്സ് നിർമിക്കുന്നതിനും പല തവണ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഒന്നും പ്രാവർത്തികമായില്ല. ഷോപിങ് കോംപ്ലക്സ് നിർമിച്ചാൽ നെടുമൺകാവിൽ വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾക്ക് കൂടി അവിടെ സൗകര്യം ലഭിക്കും. പഞ്ചായത്തിന് മികച്ച വരുമാന മാർഗവും ഇതിലൂടെ ലഭിക്കുമെന്നിരിക്കെ ഇതിനുള്ള നടപടി തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമാണ്. അടുത്തിടെ കരീപ്ര പഞ്ചായത്ത് ഭരണസമിതി ഇതിനായി നടപടി ആരംഭിച്ചിരുന്നു. കാലതാമസമാണ് കാര്യങ്ങൾ സങ്കീർണമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.