മുട്ടത്തറ പൊന്നറ യു.പി സ്​കൂളിലെ സ്​കൂൾ വാൻ കട്ടപ്പുറത്തായിട്ട് ആറു മാസം

തിരുവനന്തപുരം: ഫിറ്റ്നസ് എടുക്കാൻ ഫണ്ടില്ല, മുട്ടത്തറ പൊന്നറ യു.പി സ്കൂളിലെ സ്കൂൾ വാൻ കട്ടപ്പുറത്തായിട്ട് ആറ് മാസം. തിരിഞ്ഞുനോക്കാതെ നഗരസഭയും. ശോച്യാവസ്ഥയിൽനിന്ന് നാട്ടുകാരുടെയും പി.ടി.എയുടെയും കൂട്ടായ്മയിൽ മോഡൽ സ്കൂളായി ഉയർത്തി വികസന വഴിയിൽ ഏറെ പ്രതീക്ഷ നൽകിയ സ്കൂളിനാണ് ഈ ദുർഗതി. സ്വന്തമായി ഒരു വാഹനമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് രണ്ടുവർഷം മുമ്പ് ടി.എൻ. സീമ എം.പിയുടെ ഫണ്ടിൽനിന്ന് വാൻ അനുവദിച്ചത്. വാഹനം എത്തിയതോടെ കൂടുതൽ കുട്ടികളും ഇവിടേക്കെത്തി. എന്നാൽ, ഈ അധ്യയനവർഷത്തിൽ ഒരു ദിവസംപോലും വാഹനം പുറംലോകം കണ്ടില്ല. ഈ വാഹനത്തെ ആശ്രയിച്ചിരുന്ന കുട്ടികൾ മറ്റ് വഴികൾ തേടിയപ്പോൾ വെയിലും മഴയുമേറ്റ് വാൻ നാശത്തിലേക്ക് നീങ്ങുകയാണ്. റോഡ് ടാക്സും മറ്റ് നികുതിയും ഉൾപ്പെടെ 70,000ലധികം രൂപ ചെലവിട്ടാലെ വാഹനം പുറത്തിറക്കാനാകൂ എന്ന് സ്കൂൾ അധികൃതർ പറയുന്നു. മുൻ വർഷങ്ങളിൽ വളരെ പ്രയാസപ്പെട്ടാണ് വാഹനം ഇറക്കിയിരുന്നത്. ഇപ്പോൾ അതിനുള്ള ഫണ്ട് പി.ടി.എക്കില്ല. മാത്രമല്ല, വാഹനത്തി​െൻറ ആർ.സി ബുക്ക് ഇതുവരെ തങ്ങൾക്ക് നൽകിയിട്ടില്ലെന്നും ഫിറ്റ്നസ് ഇല്ലാതെയാണ് കഴിഞ്ഞ വർഷങ്ങളിൽ വാഹനം ഓടിച്ചിരുന്നതെന്നും ഇപ്പോൾ അതിനാകില്ലെന്നും പി.ടി.എ പ്രസിഡൻറ് ജ്യോതിഷ് കുമാർ പറയുന്നു. കൗൺസിലർ ഉൾപ്പെടെ നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കാതായതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് അധികൃതർ. വാഹനത്തി​െൻറ അഭാവം വരുന്നവർഷം പ്രവേശനത്തെ ബാധിക്കുമെന്ന ആശങ്കയും അവർക്കുണ്ട്. എന്നാൽ, സ്വന്തം സ്കൂളെന്ന പരിഗണനപോലും നഗരസഭ നൽകുന്നില്ല എന്ന പരാതിയും നാട്ടുകാർക്കുണ്ട്. അതേസമയം, ശശി തരൂർ എം.പിയുടെ ഫണ്ടിൽനിന്ന് പുതിയ ബസ് അനുവദിച്ചിട്ടുണ്ട്. ഇതോടെ ഈ വാഹനം എങ്ങനെ ഏറ്റെടുക്കും എന്നതും സ്കൂൾ അധികൃതരെ വലക്കുന്നു. ഫണ്ടിനായി സുമനസ്സുകൾ സഹായിച്ചാൽ ഈ പൊതുവിദ്യാലയത്തിന് കൈത്താങ്ങാകുമെന്ന് പി.ടി.എ ഭാരവാഹികൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.