പാർവതി പുത്തനാറിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നാട്ടുകാർ രംഗത്ത്

തിരുവനന്തപുരം: പൊന്നറക്കാരുടെ ജീവിതം ദുരിതമാക്കി പാർവതി പുത്തനാറിലെ മാലിന്യംതള്ളൽ. മാലിന്യം തള്ളുന്നവരെ പിടികൂടാൻ ഉറക്കമിളച്ച് നാട്ടുകാർ രംഗത്ത്. മുട്ടത്തറ പൊന്നറ കോളനിക്ക് പിന്നിലൂടെ ഒഴുകുന്ന പാർവതി പുത്തനാർ ഇവിടത്തുകാർക്ക് ദുരിതമായിട്ട് വർഷങ്ങളായി. എന്നാൽ, ഈ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ് ഇപ്പോഴത്തെ മാലിന്യം തള്ളലിലൂടെ. ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെ ചാക്കിലാക്കി പൊന്നറ പാലത്തിന് അടിയിൽ തള്ളുകയാണ്. ഇതോടെ രൂക്ഷമായ ദുർഗന്ധത്താൽ ജനങ്ങൾക്ക് വീടിനകത്തും പുറത്തും കഴിയാൻ പറ്റാത്ത അവസ്ഥയാണ്. ദുരിതം അസഹനീയമായതോടെ നാട്ടുകാർ മാലിന്യം തള്ളുന്നവരെ പിടികൂടാൻ രംഗത്തിറങ്ങിയിരിക്കുകയാണ്. നിലവിലെ മാലിന്യം നീക്കംചെയ്ത് ദുരിതമകറ്റണമെന്ന് നഗരസഭക്ക് പരാതി നൽകിയെങ്കിലും ഒന്നും ചെയ്തില്ലെന്ന് അവർ പരാതിപ്പെടുന്നു. മഴ പെയ്യുന്നതോടെ ദുരിതം രൂക്ഷമാണെന്നും നടപടി ഉണ്ടായില്ലെങ്കിൽ ഉപരോധം ഉൾപ്പെടെ ശക്തമായ സമരം നടത്താനുള്ള നീക്കത്തിലാണെന്നും നാട്ടുകാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.