ഗൗരിയുടെ മരണം: അധ്യാപികമാരെ ചോദ്യം ചെയ്​തു

കൊല്ലം: അധ്യാപകരുടെ മാനസികപീഡനത്തെതുടർന്ന് ട്രിനിറ്റി ലൈസിയം സ്‌കൂൾ വിദ്യാർഥിനി ഗൗരി നേഘ ജീവനൊടുക്കിയ കേസിൽ പ്രതികളായ സിന്ധുപോൾ, ക്രസൻറ് നെവിസ് എന്നിവർ അന്വേഷണ സംഘത്തിനു മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായി. ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിനെത്തുടർന്ന് പ്രതികൾ വെള്ളിയാഴ്‌ച കൊല്ലം മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യം നേടിയിരുന്നു. ഹൈകോടതിയുടെ നിർദേശ പ്രകാരമാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായത്. എ.സി.പി ജോർജ് കോശി, കോസ്റ്റൽ സി.ഐ ആർ. ഷാബു എന്നിവരുടെ നേതൃത്വത്തിൽ 12.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് 4.15 വരെ നീണ്ടു. ഗൗരിയുടെ ആത്മഹത്യയിൽ തങ്ങൾക്ക് പങ്കില്ലെന്ന നിലപാടാണ് ചോദ്യംചെയ്യലിൽ അധ്യാപികമാർ സ്വീകരിച്ചത്. ഗൗരി സ്‌കൂൾ കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയ ഒക്ടോബർ 20ന് സ്‌കൂളിൽ നടന്ന സംഭവങ്ങൾ അന്വേഷണ സംഘം വിശദമായി ചോദിച്ചറിഞ്ഞു. ചോദ്യംചെയ്യലിനായി ഞായറാഴ്ച വീണ്ടും ഹാജരാകാനും ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിടത്തൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഒക്ടോബർ 23ന് പുലർച്ച ആയിരുന്നു ഗൗരിയുടെ മരണം. കൂട്ടുകാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ഗൗരി ചോറ്റുപാത്രം എടുത്ത് െവച്ചപ്പോഴാണ് സിന്ധുപോൾ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് നടത്തിയ അതിരുവിട്ട ശകാരത്തിൽ മനംനൊന്ത് ഗൗരി ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. പ്രതികൾക്കെതിരെ ആത്മഹത്യപ്രേരണ കുറ്റവും ജുവനൈൽ ജസ്റ്റിസ് ആക്‌ടുമാണ് ചുമത്തിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.