ബഹിരാകാശ വിക്ഷേപണ വാഹന നിർമാണരംഗത്ത് കൂടുതൽ കരുത്താർജിക്കണം ^ഡോ. കെ. ശിവൻ

ബഹിരാകാശ വിക്ഷേപണ വാഹന നിർമാണരംഗത്ത് കൂടുതൽ കരുത്താർജിക്കണം -ഡോ. കെ. ശിവൻ തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ശക്തിയായി വളരാൻ 2020ഓടെ രാജ്യം ബഹിരാകാശ വിക്ഷേപണ വാഹന നിർമാണരംഗത്ത് കരുത്താർജിക്കണമെന്ന് വി.എസ്.എസ്.സി ഡയറക്ടർ ഡോ.കെ. ശിവൻ. സൊസൈറ്റി ഓഫ് എയിറോസ്പേസ് മാന്യുഫാക്ചറിങ് എൻജിനീയേഴ്സി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'മേക്ക് ഇൻ ഇന്ത്യ'യുടെ ഭാഗമായി ഒരുവർഷം പതിനെട്ടോളം വിക്ഷേപണങ്ങളാണ് രാജ്യം ലക്ഷ്യംവെക്കുന്നത്. ഓരോ വിക്ഷേപണത്തിലും വികസനത്തോടൊപ്പം വാണിജ്യപരമായ ഉന്നമനവും ഐ.എസ്.ആർ.ഒ ലക്ഷ്യംവെക്കുന്നുണ്ട്. ബഹിരാകാശ വിപണിയിൽ കടുത്ത മത്സരമാണ് ഇന്ത്യ നേരിടുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കുറഞ്ഞചെലവിൽ കൂടുതൽ ഉപഗ്രഹങ്ങൾ കയറ്റി അയച്ചെങ്കിൽ മാത്രമേ പിടിച്ചുനിൽക്കാൻ സാധിക്കൂ. വിക്ഷേപണ വാഹനങ്ങളുടെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമാണചെലവ് കുറച്ചുകൊണ്ടുവരണം. എങ്കിൽ മാത്രമേ കുറഞ്ഞ ചെലവിലുള്ള വിക്ഷേപണം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുംബൈ എൽ ആൻഡ് ടി വൈസ് പ്രസിഡൻറ് അരുൺ ടി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൽ.പി.എസ്.സി ഡയറക്ടർ എസ്. സോമനാഥ് മുഖ്യപ്രഭാഷണം നടത്തി. കോയമ്പത്തൂർ എൽ.എം.ഡബ്യൂ ഡയറക്ടർ സുന്ദർരാജൻ സുവനീർ പ്രകാശനംചെയ്തു. ഐ.പി.ആർ.സി ഡയറക്ടർ എസ്. പാണ്ഡ്യൻ, ഐ.ഐ.എസ്.യു ഡയറക്ടർ ഡി.സാം ഡയാല ഡേവ് എന്നിവർ സംസാരിച്ചു. സൊസൈറ്റി ഓഫ് എയിറോസ്പേസ് മാന്യുഫാക്ചറിങ് എൻജിനിയേഴ്സ് (സെയിം) പ്രസിഡൻറ് ഡോ. പി.വി വെങ്കിടകൃഷ്ണൻ സ്വാഗതവും ജനറൽ സെക്രട്ടറി പി. ശങ്കരവേലായുധൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.