പത്തനാപുരത്തുനിന്ന്​ പമ്പ ബസില്ല; തീർഥാടകർ വലയും

പത്തനാപുരം: ശബരിമല തീർഥാടകർക്കായി പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് പമ്പ ബസ് സർവിസില്ല. ഗ്രാമീണമേഖലകളിൽനിന്ന് ആരംഭിച്ചിരുന്ന സർവിസുകൾ വെട്ടിച്ചുരുക്കിയാണ് അധികൃതരുടെ അവഗണന. കഴിഞ്ഞ മണ്ഡലകാലം വരെ പത്തനാപുരം ഡിപ്പോയിൽനിന്ന് അഞ്ചിലധികം സർവിസുകളാണ് ഉണ്ടായിരുന്നത്. സീസൺ ആരംഭിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ഭക്തരാണ് ഡിപ്പോയെ ആശ്രയിക്കുന്നത്. പട്ടാഴിയിൽനിന്ന് ആരംഭിച്ചിരുന്ന സർവിസും വെട്ടിച്ചുരുക്കി. വൈകീട്ട് ഏഴിന് പട്ടാഴിയിൽ നിന്ന് ആരംഭിച്ച് രാത്രിയോടെ പമ്പയിലെത്തുന്ന രീതിയിലാണ് ഷെഡ്യൂൾ നടത്തിയിരുന്നത്. പുനലൂർ, കുളത്തൂപ്പുഴ, തെങ്കാശി, തിരുവനന്തപുരം തുടങ്ങി സ്ഥലങ്ങളിൽ നിന്നെത്തുന്ന ബസുകളാണ് യാത്രക്കാർക്ക് ഇപ്പോഴുള്ള ആശ്രയം. എന്നാൽ, തിരക്ക് കാരണം മിക്കപ്പോഴും ഈ ബസുകളിൽ കയറാൻ പോലും ഭക്തർക്ക് കഴിയില്ല. ഇതിനാൽ പത്തനംതിട്ടയിലോ കോന്നിയിലോ എത്തി പമ്പക്ക് പോകണം. രാത്രി പോകുന്ന തീർഥാടകരാണ് ശരിക്കും ദുരിതത്തിലാകുന്നത്. തിരക്ക് മൂലം രാത്രി വാഹനങ്ങൾ സ്റ്റാൻഡിനുള്ളിൽ പ്രവേശിക്കാറുമില്ല. ഇവ മാർക്കറ്റ് ജങ്ഷനിൽ നിർത്തിയാണ് തീർഥാടകരെ കയറ്റുന്നത്. പാടം, വെള്ളംതെറ്റി, ആവണിപ്പാറ, തുറ, പൂങ്കുളഞ്ഞി തുടങ്ങിയ ഉൾനാടൻഗ്രാമപ്രദേശങ്ങളിൽ നിന്ന് നിരവധിയാളുകളാണ് പത്തനാപുരം ഡിപ്പോയെ ആശ്രയിക്കുന്നത്. എന്നാൽ, ബസുകളും ജീവനക്കാരും ഇല്ലെന്നാണ് അധികൃതരുടെ വാദം. ശബരി ബൈപാസും അന്തർസംസ്ഥാന പാതയും കടന്നുപോകുന്ന പത്തനാപുരത്തേക്ക് എത്തുന്ന തീർഥാടകർക്കാണ് ഇൗ ഗതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.