നിർഭയ ഹോമുകളിലെ ദുരവസ്​ഥ: മനുഷ്യാവകാശ കമീഷൻ നോട്ടീസ്​

തിരുവനന്തപുരം: സംസ്ഥാനത്തെ നിർഭയ ഹോമുകളിൽ അഗതികളായെത്തുന്ന പെൺകുട്ടികൾ തിങ്ങിനിറഞ്ഞിട്ടും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സാമൂഹികനീതി ഡയറക്ടർക്ക് നോട്ടീസയച്ചു. ഡിസംബർ 12നകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശിച്ചു. പത്ത് ജില്ലകളിലെ 12 ഹോമുകളിൽ താമസിക്കുന്നത് 348 പെൺകുട്ടികളാണ്. അസൗകര്യങ്ങൾ നിറഞ്ഞ വാടകകെട്ടിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്. സ്വന്തംവീട്ടിൽ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്ന പെൺകുട്ടികളെയാണ് നിർഭയ ഹോമിൽ താമസിപ്പിക്കുന്നത്. ഏറ്റവുമധികം നിർഭയ ഹോമുകളുള്ളത് തിരുവനന്തപുരത്താണ്, മൂന്നെണ്ണം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ നിർഭയ ഹോമുകൾ ആരംഭിച്ചിട്ടില്ല. ഒരുകേന്ദ്രത്തിൽ പരമാവധി 25 പേരെ താമസിപ്പിക്കാനാണ് വ്യവസ്ഥയുള്ളത്. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ 40ലധികം പേരാണ് ഓരോ കേന്ദ്രങ്ങളിലും താമസിക്കുന്നത്. കിടക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥയാണ് പല ഹോമുകളിലുമുള്ളത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.