സാലി വധം: രണ്ട്​ പ്രതികൾ കുറ്റക്കാർ; വിധി ഇന്ന്​

തിരുവനന്തപുരം: അഴൂർ സാലി വധക്കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളായ വർക്കല സ്വദേശികളായ കറുത്തലി എന്ന അബദുൽ വാഹിദ്, കരടി രാജു എന്ന സുദേശൻ എന്നിവരെയാണ് തിരുവനന്തപുരം നാലാം അഡീ. സെഷൻസ് ജഡ്ജി നാസർ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. മൂന്നാം പ്രതി ഷീലിൻ എന്ന ഷീലൻ വിചാരണവേളയിൽ മരിച്ചിരുന്നു. 1995 മേയ് 19നാണ് സംഭവം. പ്രതികൾ വള്ളം മോഷണം നടത്തിയതും മറ്റുകുറ്റകൃത്യങ്ങളും പുളിപ്പൻ എന്ന സാലി (50) പൊലീസിനോട് പറഞ്ഞുകൊടുക്കണമെന്ന ഭയത്താലാണ് കൊലപാതകം നടത്തിയത്. സാലിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി പെരുങ്കുഴി റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറ്റി കഴക്കൂട്ടത്ത് കൊണ്ടുവന്ന് അവിടെനിന്ന് കഠിനംകുളം കായലിലേക്ക് വള്ളത്തിൽ കൊണ്ടുപോയി. വള്ളത്തിൽവെച്ച് സാലിയുടെ തലയിൽ അടിച്ചുകൊന്ന ശേഷം ശരീരം കീറി ആന്തരികാവയവങ്ങൾ പുറത്തെടുത്ത ശേഷം മൃതശരീരം കല്ലിൽകെട്ടി കായലിൽ താഴ്ത്തി. അഞ്ചുദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷണം നടത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 10 വർഷത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. 2007ൽ കുറ്റപത്രം സമർപ്പിച്ചു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ഡോക്ടറുടെ മൊഴിയാണ് നിർണായകമായത്. 27 സാക്ഷികളെയും 27 രേഖകളും എട്ട് തൊണ്ടിമുതലുകളും വിചാരണവേളയിൽ പരിഗണിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.