സപ്ലൈകോ മാവേലി സ്​റ്റോർ അഴിമതി: ആറ് ജീവനക്കാരെ പുറത്താക്കാൻ തീരുമാനം

കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സെപ്ലെകോ മാവേലി മെഡിക്കൽ സ്റ്റോറിൽ ആർ.എസ്.ബി.വൈ പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടത്തിയ സംഭവത്തിൽ ആറ് ജീവനക്കാരെ പുറത്താക്കാൻ തീരുമാനം. സപ്ലൈകോ വിജിലൻസ് വിഭാഗം അഴിമതി സംബന്ധിച്ച് റിപ്പോർട്ട് നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് നടപടി. ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം രോഗികൾക്ക് ഡോക്ടർമാർ കുറിച്ചു നൽകുന്ന മരുന്നുകളിലാണ് തിരിമറി നടത്തിയത്. ഇക്കാര്യം 'മാധ്യമം'റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, ഡി.വൈ.എഫ്ഐ, എ.ഐ.വൈ.എഫ്, വെൽഫെയർ പാർട്ടി എന്നീ സംഘടനകൾ സമരവുമായി രംഗത്തെത്തി. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൻ സപ്ലൈകോ ഓഫിസിലേക്ക് ചൊവ്വാഴ്ച പ്രതിഷേധമാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബി.എ. ബ്രിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ആർ. രഞ്ജിത്ത്, സെക്രട്ടറി ടി.ആർ. ശ്രീനാഥ്, പി.കെ. ഹാഷിം, ഷെഫീക്ക്, ദിലീപ്, അമൽ, ഫസൽ, അമീൻ, സന്ദീപ് ലാൽ എന്നിവർ സംസാരിച്ചു. തുടർന്ന്, സെപ്ലെകോ മാനേജരെ പ്രവർത്തകർ ഉപരോധിച്ചു. അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് അഞ്ച് ഫാർമസിസ്റ്റുമാരെ നീക്കം ചെയ്യാനും മാവേലി സ്റ്റോറി​െൻറ ഒാഫിസ് ഇൻചാർജ് മഞ്ജുവിനെ അന്വേഷണ ഭാഗമായി സസ്പെൻഡ് ചെയ്യാനും തീരുമായിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ഉത്തരവി​െൻറ പകർപ്പ് അധികൃതർ പ്രവർത്തകർക്ക് നൽകിയതിനെ തുടർന്നാണ് ഉപരോധസമരം അവസാനിപ്പിച്ചത്. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ- മാനേജർ, താലൂക്കാശുപത്രി മെഡിക്കൽ സൂപ്രണ്ട് എന്നിവരെ ഉപരോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.