സംസ്​ഥാന സ്​പെഷൽ സ്​കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: രാഗതാള ദൃശ്യ വിസ്മയങ്ങൾക്ക് കാഴ്ചയൊരുക്കി ഭിന്നശേഷിക്കാരായ പ്രതിഭകളുടെ സർഗോത്സവത്തിന് തുടക്കം. 20ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് സാംസ്കാരികസംഗമത്തോടെയായിരുന്നു തുടക്കം. മണക്കാട് കാർത്തികതിരുനാൾ ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മാനുവൽ പരിഷ്കരിച്ചശേഷമുള്ള ആദ്യ കലോത്സവമാണിതെന്നും ലാളിത്യമാണ് പ്രധാന സന്ദേശമെന്നും മന്ത്രി പറഞ്ഞു. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ എസ്. ഉണ്ണികൃഷ്ണൻ, കൗൺസിലർ ആർ. മിനി, പി.ടി.എ പ്രസിഡൻറ് എം. മണികണ്ഠൻ, പ്രിൻസിപ്പൽ അജികുമാർ, ഹെഡ്മാസ്റ്റർ എസ്. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഹയർസെക്കൻഡറി ഡയറക്ടർ പി.പി. പ്രകാശൻ സ്വാഗതവും ജനറൽ കൺവീനർ പി.വി. രാജേഷ് നന്ദിയും പറഞ്ഞു. സർക്കാർ തീരുമാനപ്രകാരം ഘോഷയാത്ര ഒഴിവാക്കിയുള്ള കലോത്സവത്തിൽ സാംസ്കാരികസംഗമമാണ് വേദികളെ ഉണർത്തിയത്. കാർഷിക സംസ്കൃതിയും നവോത്ഥാന മുന്നേറ്റങ്ങളും നാട്യകലകളുമെല്ലാം 14 ജില്ലകളിൽനിന്നുള്ള വിദ്യാർഥികൾ സാംസ്കാരികസംഗമത്തിൽ അവതരിപ്പിച്ചു. 90 മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കലോത്സവം 11ന് സമാപിക്കും. സമാപനസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.