തോട്ടം ഉടമകളിൽനിന്ന് പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന്

പുനലൂർ: തോട്ടം ഉടമകളിൽനിന്ന് സർക്കാർ പിടിച്ചെടുത്ത ഭൂമി കിഴക്കൻ മേഖലയിലെ ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് ആവശ്യമുയരുന്നു. ഹാരിസൺസ് മലയാളം പ്ലാേൻറഷൻ അനധികൃതമായി കൈമാറ്റം ചെയ്ത അഞ്ഞൂറേക്കറോളം ഭൂമിയാണ് ആര്യങ്കാവ് പഞ്ചായത്തിലെ രണ്ടിടത്തുനിന്നായി റവന്യൂ അധികൃതർ കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. 475 ഏക്കർ വരുന്ന അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റും 33 ഏക്കർ വരുന്ന കുളിർകാട് എസ്റ്റേറ്റുമാണ് പിടിച്ചെടുത്തത്. ഇനിയും ആയിരക്കണക്കിന് ഏക്കർ ഭൂമി തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലായി പിടിച്ചെടുക്കാനുണ്ട്. അതെല്ലാം ഉന്നത സംഘങ്ങളുടേതായതിനാൽ പല കാരണത്താൽ കാലതാമസം ഉണ്ടാകുന്നു. ഇപ്പോൾ പിടിച്ചെടുത്ത രണ്ട് എസ്റ്റേറ്റുകളും റവന്യൂ പുറമ്പോക്കായാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിലവിൽ കൃഷികൾ നടക്കുന്ന വാസയോഗ്യമായ ഭൂമിയാണ് ഈ എസ്റ്റേറ്റുകൾ. ഇതിൽ പ്രിയ എസ്റ്റേറ്റിൽ 12 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മുമ്പ് നിരവധി കുടുംബങ്ങൾ ഉണ്ടായിരുന്നു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലായി ഭൂരഹിതരായി നൂറുകണക്കിന് കുടുംബങ്ങളുണ്ട്. തോട്ടം തൊഴിലാളികൾ, റെയിൽവേ ഭൂമിയിൽനിന്ന് ഒഴിപ്പിച്ചവർ, ദേശീയപാതയുടെ അടക്കം വശങ്ങളിൽ താമസിക്കുന്നവർ തുടങ്ങിയവർ ഇക്കൂട്ടത്തിൽപെടും. ഇവരിൽപ്പെട്ട നൂറ്റമ്പതോളം കുടുംബങ്ങൾക്ക് ഉറുകുന്നിൽ മുസ്ലിയാർപാടത്ത് കഴിഞ്ഞ സർക്കാർ പട്ടയം നൽകിയെങ്കിലും ഭൂമി ലഭിച്ചില്ല. ഉടമ ഇതിനെതിരെ കോടതിയെ സമീപിച്ചതോടെ ഇനി ഈ കുടുംബങ്ങൾക്ക് ഇവിടെ ഭൂമി ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. പട്ടയം ലഭിച്ച് വഞ്ചിതരായ കുടുംബങ്ങൾ ഭൂമിയിൽ കുടിൽകെട്ടി സമരം നടത്തിയെങ്കിലും പിന്നീട് ഇവർ പിന്മാറി. ഇവർക്കടക്കം നൽകാൻ കഴി‍‍യുന്നതാണ് ഇപ്പോൾ പിടിച്ചെടുത്ത എസ്റ്റേറ്റ് ഭൂമി. സാധാരണനിലയിൽ പിടിച്ചെടുത്ത ഭൂമിയിൽ കൃഷി ആദായം എടുക്കാൻ റവന്യൂവകുപ്പ് വർഷംതോറും ലേലം ചെയ്ത് നൽകുകയാണ് പതിവ്. മൂന്നു നാലു വർഷം കഴിയുമ്പോൽ സർവ കൃഷിയും നശിച്ച് ഈ ഭൂമി തരിശാകും. നിലവിൽ ധാരാളം കൃഷികളുള്ള ഈ ഭൂമി ഭൂരഹിതർക്ക് നൽകിയാൽ അവർക്ക് ഗുണകരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.