ബ്ലോക്ക് പഞ്ചായത്ത് അംഗം കാറിടിച്ച് മരിച്ച കേസിൽ കാർ ഡ്രൈവർക്ക് എഴുവർഷം കഠിനതടവും പിഴയും

കൊട്ടിയം: മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന കുളപ്പാടം ഷാനവാസ് ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ച് മരിച്ച കേസിൽ പ്രതിയായ കാർ ഡ്രൈവർക്ക് എഴുവർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. കൊലപാതകമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, സംഭവശേഷം പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരിക്കൽ, പൊലീസ് സ്റ്റേഷനിൽ അറിയിക്കാതിരിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. കേസിലെ പ്രതിയായ നെടുമ്പന ചരുവിള വീട്ടിൽ നിസാമിനെയാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശിക്ഷിച്ചത്. 2014 ആഗസ്റ്റ് എട്ടിന് രാത്രി ഒമ്പതോടെ കണ്ണനല്ലൂർ വടക്കേ മുക്ക് പള്ളിമൺ റോഡിൽ കുളപ്പാടത്തായിരുന്നു അപകടം. പിറ്റേ ദിവസം പുലർച്ചെ തിരുവനന്തപുരം സ്പെഷലിസ്റ്റ് ആശുപത്രിയിൽ ഷാനവാസ് മരിച്ചതിനെ തുടർന്ന് അന്ന് ചാത്തന്നൂർ എസ്.ഐയായിരുന്ന ഐ. ഫിറോസാണ് കേസെടുത്തത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ക്രൈംബ്രാഞ്ച് അസി. പൊലീസ് കമീഷണർ ബി. രാധാകൃഷ്ണപിള്ള തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ദൃക്സാക്ഷികൾ ഇല്ലായിരുന്നു. എഫ്.എസ്.എൽ അസി. ഡയറക്ടർ ഫാസില, സയിൻറിഫിക് അസി. ഗോപിക എന്നിവർ അപകടത്തിൽപ്പെട്ട വാഹനങ്ങൾ സംഭവസ്ഥലത്ത് കൊണ്ടുവന്ന് ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. പ്രതിയുടെ പോളിഗ്രാഫ് പരിശോധനയും നടത്തി. തെളിവുകളും സാഹചര്യ തെളിവുകളും പ്രകാരം പ്രതി കുറ്റം ചെയ്തതായി സംശയാതീതമായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞതി​െൻറ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്. പിഴ തുക മരണപ്പെട്ട ഷാനവാസി​െൻറ അവകാശികൾക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.