വീട്​ ബ്ലേഡ് പലിശക്കാർ സ്വന്തമാക്കി; കുടുംബം താമസിക്കുന്നത്​ കാർപോർച്ചിൽ

അഞ്ചൽ: വായ്പവാങ്ങിയ പണത്തി​െൻറ പേരിൽ വീടും പുരയിടവും ബ്ലേഡ് പലിശക്കാർ സ്വന്തമാക്കിയതോടെ കുടുംബം കാർപോർച്ചിൽ അഭയംതേടി. 90 വയസ്സുള്ള വൃദ്ധയടക്കമുള്ള കുടുംബമാണ് കാർപോർച്ചിൽ അന്തിയുറങ്ങുന്നത്. പൊലീസും പലിശക്കാർക്ക് അരുനിൽക്കുന്നതായി ആരോപണമുണ്ട്. ഏരൂർ കരിമ്പിൻകോണത്താണ് സംഭവം. കരിമ്പിൻകോണത്ത് പുത്തൻവീട്ടിൽ ഹരികുമാർ ഗൾഫിൽ ബിസിനസ് ആവശ്യത്തിനായി 2015ൽ ഏരൂർ സ്വദേശിയിൽനിന്ന് 30 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇൗടായി വീടും പുരയിടവും പണയപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഓരോ മാസവും ഒന്നരലക്ഷം രൂപ വീതം തിരിച്ചടക്കുകയുണ്ടായി. ഇപ്രകാരം 25 ലക്ഷം രൂപ തിരിച്ചടച്ചത്രെ. തിരിച്ചടവിൽ വീഴ്ച വന്നതിനെതുടർന്ന് കഴിഞ്ഞ ഏപ്രിലിൽ പലിശക്കാർ പണയവസ്തു സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തുവത്രെ. വീടും പുരയിടവും വിറ്റ് കുടിശ്ശികത്തുക കഴിച്ച് ബാക്കി പണം തിരികെ നൽകാമെന്ന വാക്കാലുള്ള ഉറപ്പിന്മേലാണ് വസ്തു രജിസ്റ്റർ ചെയ്തതെന്ന് ഹരികുമാർ പറയുന്നു. രജിസ്ട്രേഷനുശേഷം ഹരികുമാറും ഭാര്യയും പതിനാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളും 90 വയസ്സുള്ള മാതാവിനുമൊപ്പം വാടകവീട്ടിലേക്ക് താമസം മാറ്റി. ഇതിനിടെ വീടും പുരയിടവും മറ്റൊരാൾക്ക് വിറ്റതറിഞ്ഞ് ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ പലിശക്കാർ ഭീഷണിപ്പെടുത്തിയെന്ന് ഹരികുമാർ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരിൽ പരാതി നൽകിയിരുന്നു. കുടുംബത്തിന് സുരക്ഷ ഉറപ്പാക്കാമെന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കുകയുമുണ്ടായി. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട ഹരികുമാറും കുടുംബവും തങ്ങളിൽനിന്ന് തട്ടിയെടുക്കപ്പെട്ട വീടി​െൻറ സിറ്റൗട്ടിലും പോർച്ചിലുമാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്. ഇവർക്ക് ആഹാരവുമായെത്തിയ ബന്ധുക്കളെയും വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെയും ഏരൂർ പൊലീസ് തടഞ്ഞതായും പരാതിയുണ്ട്. ബ്ലേഡ് മാഫിയയെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.