നിർമൽ ചിട്ടി തട്ടിപ്പ്: പൊലീസ്​ കേസ്​ ഡയറി ഹാജരാക്കിയില്ല; മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

തിരുവനന്തപുരം: നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇന്നലെയും കേസ് ഡയറി കോടതിയിൽ ഹാജരാക്കിയില്ല. അതിനിടെ കമ്പനി ഉടമ കെ. നിർമലൻ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ഒരു മാസം മുമ്പ് നൽകിയതാണ് മുൻകൂർ ജാമ്യാപേക്ഷയെന്നും ഇതുവരെ കേസ്ഡയറി പോലും ഹാജരാക്കാതെ പൊലീസ് മനഃപൂർവം വൈകിപ്പിക്കുകയാണെന്നും അതിനാലാണ് മുൻകൂർ ജാമ്യാപേക്ഷ പിൻവലിക്കുന്നതെന്നും നിർമല​െൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞതവണ മുൻകൂർ ജാമ്യഹരജി പരിഗണിച്ചപ്പോൾ തമിഴ്നാട് പൊലീസ് കേസ് ഡയറി ഹാജരാക്കിയിരുന്നു -ഇതിൽ 2200 ഓളം നിക്ഷേപകരിൽനിന്ന് മുന്നൂറിൽപരം പരാതി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തട്ടിപ്പി​െൻറ വകുപ്പിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്ന തമിഴ്നാട് പ്രത്യേക സാമ്പത്തിക കുറ്റാേന്വഷണ വിഭാഗം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, രണ്ട് കേസ് മാത്രമേ കേരളത്തിൽ നിലവിലുള്ളൂ എന്ന് കേരള പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കേസ് ഡയറി അടിയന്തരമായി ലഭ്യമാക്കണമെന്ന കർശന നിർദേശവും നൽകിയിരുന്നതാണ്. എന്നാൽ, ചില സുപ്രധാന വിവരങ്ങൾ കൂടി തമിഴ്നാട് പൊലീസിൽനിന്ന് ലഭിക്കേണ്ടതുണ്ടെന്നും അതിനാൽ രണ്ട് ആഴ്ചത്തെ സമയം വേണമെന്നുമുള്ള പൊലീസി​െൻറ ആവശ്യം കോടതി അംഗീകരിച്ചു. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും. അതിനിടെ മുൻ മന്ത്രിയുടെ വിശ്വസ്തനെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പിൽ ഉന്നത ഇടപെടലുണ്ടായെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണിത്. മുൻ മന്ത്രിക്ക് കേസുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. നിർമലൻ പാപ്പർ ഹരജി സമർപ്പിക്കുന്നതിന് മുമ്പ് ത​െൻറ സ്വത്തുക്കൾ ബിനാമികളുടെ പേരിലേക്ക് മാറ്റിയെന്ന വിലയിരുത്തലാണുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. തമിഴ്നാട് പൊലീസാണ് അന്വേഷണം നടത്തുന്നതെന്നും തങ്ങൾ അവർക്ക് സഹായം നൽകിവരുന്നുണ്ടെന്നും സംസ്ഥാന പൊലീസ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.