പാതിവഴിയിൽ മുടങ്ങിയ കെട്ടിടങ്ങൾ, ജീവനൊടുക്കിയ കോൺട്രാക്ടർമാർ...

* കോടികളുടെ നഷ്ടം സംഭവിച്ച കോൺട്രാക്ടർമാരുണ്ട് ജില്ലയിൽ കൊല്ലം: നോട്ട് നിരോധനത്തിനു ശേഷം പ്രതിസന്ധിയിലായ ജില്ലയിലെ നിർമാണമേഖല ഇതുവരെയും പൂർണമായും കരകയറിയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സ്വകാര്യ കമ്പനികളുടെയും വ്യക്തികളുടെയും കീഴിലുള്ള പണികൾ പലതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ബാങ്ക് ലോണെടുത്തും വട്ടിപ്പലിശക്ക് പണം കടമെടുത്തും നിർമാണം നടത്തിയിരുന്ന പല കോൺട്രാക്ടർമാരും നോട്ട് നിരോധനത്തി​െൻറ ആദ്യ നാളുകളിൽ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. പലിശക്കെടുത്ത തുക കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ കഴിയാത്തതിനാലും പണികൾ നിർത്തിവെക്കേണ്ടി വന്നതിനാൽ കോടികളുടെ നഷ്ടം സംഭവിച്ച കോൺട്രാക്ടർമാരും ജില്ലയിലുണ്ട്. ഒരു വർഷം തികയുന്ന വേളയിലും പ്രതിസന്ധിയിൽനിന്ന് പൂർണമായും കരകയറാനാകാത്തതിനാൽ ടെൻഡർ നടപടിയിൽനിന്ന് വിട്ടുനിൽക്കുന്ന കരാറുകാരുമുണ്ട്. പ്രതിസന്ധി സമയത്ത് കൂടുതൽ പണം കൈവശമില്ലാത്തതിനാൽ പല കോൺട്രാക്ടർമാരും നിർമാണ സാധനങ്ങൾ ക്രഷറുകളിൽനിന്നും മറ്റും കടം വാങ്ങുകയായിരുന്നു. സാധനങ്ങൾ കിട്ടാനുള്ള പ്രതിസന്ധി ഇപ്പോഴും തുടരുെന്നന്നാണ് ഇവർ പറയുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെ ജി.എസ്.ടിയും വന്നതോടെ നിർമാണ മേഖല പൂർണമായും സ്തംഭിച്ചു. നിർമാണ മേഖലക്ക് 18 ശതമാനം ആണ് ജി.എസ്.ടി. നോട്ട് നിരോധനവും ജി.എസ്.ടിയും ഉൽപന്നങ്ങളുടെ ലഭ്യതക്കുറവും കാരണം സമയത്ത് പണി തീർത്ത് ബിൽ മാറാനാകാതെ കോൺട്രാക്ടർമാർ ആത്മഹത്യ ചെയ്ത സംഭവവും ജില്ലയിലുണ്ട്. നോട്ട് നിരോധന പ്രഖ്യാപനത്തിനു ശേഷം ഇൻകം ടാക്സ്, സെയിൽസ് ടാക്സ് എന്നിവക്ക് കണക്ക് നൽകുേമ്പാൾ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ കോൺട്രാക്ടർമാർ നിർമാണമേഖലയിലെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കുന്നത് ബാങ്ക് അകൗണ്ട് വഴിയാണ്. എല്ലാ തൊഴിലാളിക്കും അക്കൗണ്ട് എടുക്കുന്നതിനു പകരം ഒരാളുടെ പേരിൽ അക്കൗണ്ട് എടുക്കുകയും മാസാവസാനം എല്ലാവരുടെയും തുക ഇൗ അക്കൗണ്ടിലേക്ക് ഇടുകയുമാണ് കോൺട്രാക്ടർമാർ ചെയ്യുന്നത്. കുറേ അധികം പേരുടെ ശമ്പളം ഒരുമിച്ച് അക്കൗണ്ടിൽ വരുന്ന തൊഴിലാളി എല്ലാവർക്കും വീതിച്ച് നൽകാൻ ഒരു ദിവസത്തെ പണിയും കളഞ്ഞ് ബാങ്കിൽ പോയി ഇതിനായി മെനക്കെടണം. മാത്രമല്ല ഭൂരിഭാഗം പേർക്കും ബാങ്കിങ് ഇടപാടുകളെക്കുറിച്ച് അറിയാത്തതിനാൽ മെറ്റാരാളുടെ സഹായം തേടേണ്ട അവസ്ഥയാണ്. നോട്ട് നിരോധന കാലം ജില്ലയിൽ ഏതാണ്ട് 90 ശതമാനം പണികളും നിർത്തിവെക്കേണ്ടി വന്ന സമയമായിരുന്നെന്നും ഇപ്പോൾ പതുക്കെ കരകയറുന്നുണ്ടെന്നുമാണ് കോൺട്രാക്ടർമാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.