ജീവിതം വഴിമുട്ടി ഇടനിലക്കാർ

*റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടനിലക്കാരെയാണ് നോട്ട് നിരോധനം ഇടിത്തീ പോലെ ബാധിച്ചത് ഇരവിപുരം: നോട്ട് നിരോധനം മൂലം ഏറെ വലഞ്ഞ ഒരു വിഭാഗമാണ് ഇടനിലക്കാർ അഥവാ ബ്രോക്കർമാർ. നിരോധനം നിലവിൽവന്ന് ഒരു വർഷം തികഞ്ഞിട്ടും ഇത്തരക്കാരുടെ ജീവിതം വഴിമുട്ടിയ നിലയിൽതന്നെയാണ്. പതിനായിരങ്ങളാണ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. ഇവരെല്ലാം ഇന്ന് ജീവിതത്തി​െൻറ രണ്ടറ്റവും കൂട്ടി ചേർക്കാനാവാതെ വലയുകയാണ്. എല്ലാ മേഖലയിലും പ്രവർത്തിച്ചിരുന്ന ഇടനിലക്കാർ നോട്ട് നിരോധനം വന്നതോടെ പട്ടിണിയിലായി. വർഷങ്ങളായി ഈ മേഖലയിൽ പണിയെടുത്തിരുന്ന പലർക്കും മറ്റു തൊഴിലുകൾ അറിയാത്തതിനാൽ പുതിയ തൊഴിലുകൾക്ക് പോകാൻ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. മധ്യവയസ്കരായവരാണ് കൂടുതലും ഇടനിലക്കാരായി ജോലി നോക്കിയിരുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പണിയെടുത്തിരുന്ന ഇടനിലക്കാരെയാണ് നോട്ട് നിരോധനം ഇടിത്തീ പോലെ ബാധിച്ചത്. നിരോധനം നിലവിൽ വന്നതോടെ വസ്തു കൈമാറ്റങ്ങൾ നടക്കാതായതാണ് ഇത്തരക്കാരെ പ്രതിസന്ധിയിലാക്കിയത്. വസ്തു കൈമാറ്റം, വാടകക്ക് വീട് എടുത്തുകൊടുക്കൽ, വീടുകൾ ഒറ്റിയായി വാങ്ങിക്കൊടുക്കൽ തുടങ്ങിയവ ഒന്നും നടക്കാത്ത അവസ്ഥയാണ്. നോട്ട് നിരോധത്തിനു മുമ്പ് വസ്തു കൈമാറ്റവും മറ്റും യഥേഷ്ടം നടന്നിരുന്നതിനാൽ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞിരുന്നതായി ഈ മേഖലയിലെ ഇടനിലക്കാർ പറയുന്നു. ഒരു വർഷമായി ഒരു കച്ചവടം പോലും നടക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. പണം കൈമാറ്റം നടത്തുന്നതിന് നിബന്ധനകൾ വന്നതിനാൽ പണം കൈയിലുള്ളവർ കച്ചവടത്തിന് തയാറാകുന്നില്ലെന്നും ഇവർ പറയുന്നു. പരസ്യ ലേലങ്ങളിൽ പങ്കെടുത്തിരുന്ന ഇടനിലക്കാരും കശുവണ്ടി മേഖലയിലെ ഇടനിലക്കാരും ഇപ്പോഴും ആഘാതത്തിൽനിന്ന് രക്ഷപ്പെട്ടിട്ടില്ല. പണത്തി​െൻറ സ്രോതസ്സും ബാങ്ക് രേഖകളും കാണിക്കണമെന്നതിനാൽ ഇടനിലക്കാർക്ക് ലേലങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. വസ്തു വാങ്ങാനും മറ്റുമായി ഒരു വർഷം മുമ്പുവരെ ദിവസവും നിരവധി പേർ എത്തിയിരുന്നതായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മേഖലയിൽ പണിയെടുക്കുന്ന കൊല്ലൂർവിള പള്ളിമുക്ക് സ്വദേശികളായ താഹ കോയാ തങ്ങളും അബ്ദുൽ റഹീമും പറഞ്ഞു. ഇപ്പോൾ ഇടനിലക്കാരെ തേടി ആരും വരാറില്ലെന്ന് ഇവർ പറയുന്നു. ഒരു വർഷംകൊണ്ട് പതിനായിരങ്ങളുടെ കടമാണ് ഇവർക്ക് ഉണ്ടായത്. വ്യാപാര മാന്ദ്യം ഇന്നു മാറും നാളെ മാറും എന്ന കാത്തിരിപ്പിലാണ് പലരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.