പാതിവടിച്ച തലയിൽ പ്രതിഷേധത്തിെൻറ പുകയൂതി യഹിയ

* നോട്ട് കത്തിച്ച്, തല പാതിവടിച്ച് വ്യത്യസ്ത പ്രതിഷേധം നടത്തിയ യഹിയ അത് തുടരുകയാണ് കടയ്ക്കൽ:- നോട്ട് നിരോധനത്തെ തുടർന്ന് ആകെയുള്ള സമ്പാദ്യവും ജീവിതവും നഷ്ടപ്പെട്ടതിനാൽ കൈവശമുണ്ടായിരുന്ന നോട്ട് കത്തിച്ച്, തല പാതിവടിച്ച് വ്യത്യസ്ത പ്രതിഷേധം നടത്തി രാജ്യാന്തര പ്രശസ്തനായ തട്ടുകടക്കാരൻ ഒരു കൊല്ലം കഴിഞ്ഞിട്ടും സമരത്തിൽ തന്നെ. കടയ്ക്കൽ മുക്കുന്നം സ്വദേശി യഹിയയാണ് പാതി മുടിയുമായി പ്രതിഷേധം തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനം അധികാരത്തിൽനിന്ന് താഴെ ഇറക്കിയിട്ടേ മുടി വളർത്തൂ എന്ന ത​െൻറ ദൃഢപ്രതിജ്ഞയിൽ ഒരു കൊല്ലമായി ഉറച്ചുനിൽക്കുകയാണ് നാട്ടുകാർ യഹികാക്കയെന്ന് സ്നേഹത്തോടെ വിളിക്കുന്ന ഇദ്ദേഹം. തെങ്ങുകയറ്റവും പാടത്തെ പണിയും കൊണ്ട് മക്കളെ കെട്ടിച്ചയക്കാനാവാതെ വന്നപ്പോഴാണ് ഉള്ളതെല്ലാം വിറ്റുപെറുക്കി യഹിയ ഗൾഫിൽ പോയത്. പഠിപ്പില്ലാത്തവർക്ക് അവിടെ വിധിച്ചിരുന്നത് ആടുജീവിതമാണ്. മൃഗങ്ങൾക്കൊപ്പം ഒട്ടൊരുപാട് കാലം കഴിച്ചുകൂട്ടി. ഗതിപിടിക്കാതെ വന്നപ്പോൾ നാട്ടിലേക്ക് തന്നെ മടങ്ങി. കൈയിലുള്ള സമ്പാദ്യവും കടയ്ക്കൽ സഹകരണ ബാങ്കി​െൻറ വായ്പയുമെല്ലാം കൊണ്ട് മക്കളെ കെട്ടിച്ചയച്ചു. പുതിയൊരു ജീവിതമാർഗം കണ്ടെത്താനാണ് മുക്കുന്നത്ത് ആർ.എം.എസ് എന്ന പേരിൽ തട്ടുകട തുറന്നത്. സ്ഥലം എസ്.ഐയോട് പ്രതിഷേധിച്ച് ഇതിനിടെ വേഷം നൈറ്റിയാക്കി. തട്ടുകട മുക്കുന്നത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റി കച്ചവടം വിപുലപ്പെടുത്തി നീങ്ങുമ്പോഴാണ് നോട്ട് നിരോധനം വന്നത്. അതോടെ കടയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. യഹിയയുടെ കൈവശം ഉണ്ടായിരുന്നത് കച്ചവടം ചെയ്തുണ്ടാക്കിയ 23000 രൂപ. അതെല്ലാം 500‍​െൻറയും 1000 ​െൻറയും നോട്ടുകൾ. മാറ്റിയെടുക്കാൻ രണ്ടുദിവസം ബാങ്കിന് മുന്നിൽ ക്യൂനിന്നു. രണ്ടാംനാൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ് കുഴഞ്ഞുവീഴാറായപ്പോൾ കണ്ടുനിന്നവർ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയിലാക്കി. സഹകരണ ബാങ്കിലെ പഴയ വായ്പ അക്കൗണ്ടില്ലാതെ മറ്റൊരു ബാങ്കിലും യഹിയക്ക് അക്കൗണ്ടുണ്ടായിരുന്നില്ല. സഹകരണ ബാങ്കിലാണെങ്കിൽ ഇടപാടും നടത്താനാകുന്നില്ല. അതുകൊണ്ട് കൈവശമുള്ള പണം എങ്ങും നിക്ഷേപിക്കാനുമായില്ല. പാതിരാവരെ പുകയൂതി ഉണ്ടാക്കിയ പണം മാറ്റിയെടുക്കാൻ എത്രനാൾ ക്യൂ നിൽക്കണമെന്നറിയാതെയായിരുന്നു ആശുപത്രിയിൽനിന്ന് അയാൾ ഇറങ്ങിയത്. മടങ്ങിയെത്തിയ യഹിയ കടയിലെ അടുപ്പിൽ തീകൂട്ടി ആ നോട്ടുകളെല്ലാം അതിലിട്ടു. അടുത്തുള്ള ബാർബർ ഷോപ്പിൽ പോയി കഷണ്ടിത്തലയിലുണ്ടായിരുന്ന മുടി പാതി വടിച്ചിറക്കി. മുഴുവൻ അധ്വാനവും സമ്പാദ്യവും ചാരമാക്കിയ മോദിയെ ജനം എന്ന് താഴെയിറക്കുന്നുവോ അന്ന് മാത്രമേ പാതി മുടി പഴയപോലെയാക്കുകയുള്ളൂ എന്ന് ശപഥവും എടുക്കുകയായിരുന്നു. ആ ശപഥമാണ് ഒരു കൊല്ലം കഴിഞ്ഞിട്ടും ഇദ്ദേഹം പാലിക്കുന്നത്. മുമ്പേ വ്യത്യസ്ത പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള യഹിയയുടെ മുടി വടിക്കൽ പ്രതിഷേധവും നാട്ടുകാർക്ക് കൗതുകമായി. ഒരു (മുൻ) ചായ വിൽപന കാരനോട് (?) ഒരു തട്ടുകടക്കാര​െൻറ മൻകി ബാത്ത് എന്ന തലക്കെട്ടിൽ ഈ പ്രതിഷേധം കേരള സർവകലാശാല ചരിത്രാധ്യാപകൻ അഷ്റഫ് കടയ്ക്കൽ ഫേസ്ബുക്കിൽ കുറിച്ചതോടെയായിരുന്നു യഹിയ ശരിക്കും താരമായത്. രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളിലും യഹിയയുടെ സമരത്തെക്കുറിച്ച് വാർത്ത വന്നിരുന്നു. സനു കുമ്മിൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.