വിദ്യാർഥിനിയുടെ ആത്​മഹത്യ: അധ്യാപികമാർക്കെതിരെ ആത്​മഹത്യ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന്​ പ്രോസിക്യൂഷൻ

കൊച്ചി: 10ാം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ രണ്ട് അധ്യാപികമാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ ഹൈകോടതിയിൽ. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത കേസിൽ അധ്യാപികമാരായ സിന്ധു പോൾ, ക്രസൻസ് നേവിസ് എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് പ്രോസിക്യൂഷ​െൻറ വിശദീകരണം. അധ്യാപികമാർ ശകാരിച്ചതിനെത്തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർഥികൾ തമ്മിെല നിസ്സാര പ്രശ്നം മൂലമാണ് കുട്ടി ചാടിയതെന്നും തങ്ങൾക്ക് പങ്കില്ലെന്നുമുള്ള ഇവരുടെ വാദം ശരിയല്ല. ഉച്ചഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെ മറ്റൊരു ക്ലാസിൽ കൊണ്ടുപോയി പരസ്യമായി ശാസിച്ചത് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിനിടെ, അധ്യാപകരുടെ ഹരജിയിൽ കക്ഷിചേരാൻ ഗൗരി നേഘയുടെ പിതാവ് പ്രസന്നകുമാർ ഹരജി നൽകി. ഗൗരിയുടെ അധ്യാപികയായ രണ്ടാം പ്രതിക്ക് അവരുടെ വീട്ടിൽ നടത്തുന്ന സ്വകാര്യ ട്യൂഷന് ചേരാത്തതിൽ ഗൗരിയോടും തങ്ങളോടും താൽപര്യമുണ്ടായിരുന്നില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു. നിസ്സാര കാര്യത്തിന് നാലുമണിക്കൂർ െവയിലത്ത് നിർത്തി ഗൗരിയെ അപമാനിച്ചിട്ടുണ്ട്. ഒന്നാം പ്രതിയായ അധ്യാപിക രണ്ടാമത്തെ മകളെ ആൺകുട്ടികൾക്കൊപ്പം ക്ലാസിലിരുത്തിയതിനെതിരെ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇരിപ്പിടം മാറ്റാൻ ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. സൽപേരിനെ ബാധിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞതിനാൽ പൊലീസിൽ പരാതിപ്പെട്ടില്ല. സംഭവദിവസം ഉച്ചഭക്ഷണം കഴിക്കാൻ അനുവദിക്കാതെ ഗൗരിയെ അധ്യാപകർ കൂട്ടിക്കൊണ്ടുപോയശേഷമാണ് ആത്മഹത്യ ചെയ്തത്. എന്താണ് സംഭവിച്ചതെന്നറിയാൻ ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണം. സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടിയ ഗൗരിയെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ ഇതേ മാനേജ്മ​െൻറിന് കീഴിലുള്ള മറ്റൊരു ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ ശരിയായ ചികിത്സ ലഭിച്ചില്ല. പിന്നീട് തങ്ങളുടെ നിർബന്ധത്തെ തുടർന്നാണ് അനന്തപുരി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടികളെ ചെറിയ കാര്യങ്ങൾക്കുപോലും ക്രൂരമായി ശിക്ഷിക്കുന്ന സ്വഭാവക്കാരാണ് അധ്യാപികമാരെന്ന് ആേക്ഷപമുണ്ട്. മറ്റൊരു രക്ഷിതാവ് പൊലീസിൽ നൽകിയ പരാതിയുടെ വിവരങ്ങളും ഹരജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.