വിസ തട്ടിപ്പ് കേസിലെ പ്രതി അറസ്​റ്റിൽ

പരവൂർ: വിസ തട്ടിപ്പ് കേസിൽ ഒരാളെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പരവൂരിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധിയാൾക്കാരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ കണ്ണിയായ കൊല്ലം തിരുമുല്ലവാരം സി.എസ് ഡെയ്സിൽ ഫ്രാൻസിസിനെയാണ് (30) അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി വിദേശേത്തക്ക് കടന്നതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. കുവൈത്ത്, സൗദി എന്നിവിടങ്ങളിൽ പ്രതിമാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ഫ്രാൻസിസും ഭാര്യയും ചേർന്ന് ആളുകളെ സമീപിച്ചത്. മുൻകൂറായി 50,000 രൂപയും വിസ എത്തുമ്പോൾ ഒന്നരലക്ഷം രൂപയും നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് നിരവധിയാളുകളിൽനിന്ന് 40,000 മുതൽ 50,000 രൂപ വരെ ഇവർ വാങ്ങി. ചിലർ നേരിട്ട് നൽകുകയും മറ്റു ചിലർ ഫ്രാൻസിസി​െൻറ അക്കൗണ്ട് വഴി നൽകുകയുമായിരുന്നു. ഇതിൽനിന്ന് പകുതി തുക ഇയാൾ കമീഷനായി എടുത്തശേഷം ബാക്കി മുഖ്യപ്രതിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. നാലുമാസത്തോളമായി വിസ ഉടൻ എത്തുമെന്ന് പറഞ്ഞ് ഇടപാടുകാരെ കബളിപ്പിച്ച ഇയാൾ പിന്നീട് ഒളിവിൽ പോവുകയായിരുന്നു. പണം നൽകിയവർ പലതവണ വിളിച്ചെങ്കിലും മൊബൈൽ ഒാഫ് ചെയ്തിരുന്നു. തുടർന്ന് പലരും അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് ഫ്രാൻസിസ് ഒളിവിൽപോയതായി മനസ്സിലായത്. വീട് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ തട്ടിപ്പിനിരയായവർ പൊലീസിനെ സമീപിച്ചു. പരവൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ 68 പേരിൽനിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയതായി ബോധ്യപ്പെട്ടു. പ്രതികളുടെ പേരിൽ മണ്ണന്തല, അരുവിക്കര പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസ് നിലവിലുണ്ട്. ഒളിവിൽ കഴിയുന്നതിനിടയിലും ഫ്രാൻസിസ് പലർക്കും വിസ വാഗ്ദാനംചെയ്ത് പണംതട്ടിയെന്നും പൊലീസ് പറഞ്ഞു. വിസ ആവശ്യമുണ്ടെന്ന് ധരിപ്പിച്ച് തന്ത്രപൂർവം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഫ്രാൻസിസി​െൻറ ഭാര്യക്ക് തട്ടിപ്പിലുള്ള പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂർ സി.ഐ ബി. ഷെഫീക്ക് പറഞ്ഞു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും മുഖ്യപ്രതിയെ പിടികൂടിയശേഷം തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ് അറിയിച്ചു. പരവൂർ സി.ഐ ബി. ഷെഫീക്ക്, എസ്.ഐമാരായ ശശികുമാർ, ബാബുക്കുട്ടൻ, സി.പി.ഒ ഷിനോദാസ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.