ഗ്രൂപ് തർക്കങ്ങൾ: പരിഹാരത്തിന് ഡി.സി.സി പ്രസിഡൻറ് എത്തി

കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ കോൺഗ്രസിൽ തുടരുന്ന ഗ്രൂപ് തർക്കങ്ങളും പടലപ്പിണക്കങ്ങളും പരിഹരിക്കുന്നതിന് ഡി.സി.സി പ്രസിഡൻറ് എത്തി നേതാക്കളുമായും ഭാരവാഹികളുമായും ചർച്ച നടത്തി. നാളുകളായി പാർട്ടി മണ്ഡലം കമ്മിറ്റിയിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കവും പിണക്കങ്ങളും രൂക്ഷമാണ്. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കുകയും ശേഷം തിരിച്ചെടുക്കുകയും ചെയ്ത ചില നേതാക്കൾക്കെതിരെ രഹസ്യമായും പരസ്യമായും മറ്റു ഗ്രൂപ് നേതാക്കൾ രംഗത്തെത്തുകയും ഡി.സി.സിക്കും കെ.പി.സി.സിക്കും പരാതിനൽകുകയും ചെയ്തിരുന്നു. നിലവിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിർദേശമാണ് പാർട്ടി ഉന്നതങ്ങളിൽനിന്ന് ലഭിച്ചതെങ്കിലും ചർച്ചകൾ സമവായത്തിലെത്തിയിരുന്നില്ല. ഇതോടെയാണ് കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ നേരിട്ടെത്തി കുളത്തൂപ്പുഴയിൽ ചർച്ച നടത്തിയത്. ഗ്രൂപ് നേതാക്കളേയും വിവിധ സംഘടന ഭാരവാഹികളേയും യുവജന നേതാക്കളേയും പ്രത്യേകമായി കണ്ട് ചർച്ചകൾ നടത്തുകയും അഭിപ്രായം ആരായുകയുംചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഉണ്ണികൃഷ്ണ​െൻറ അധ്യക്ഷതയിൽ കുളത്തൂപ്പുഴ വൈ.എം.സി.എ ഹാളിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം പുനലൂർ മധു, നേതാക്കളായ സൈമൺ അലക്സ്, ചിറ്റുമല നാസർ, ഏരൂർ സുഭാഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.