സ്‌നേഹംകുറിച്ച് കലക്ടര്‍; പ്രിയ വാക്കുകള്‍ കൊണ്ടൊരുത്സവം (ചിത്രം)

* ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പ്രിയമുള്ള വാക്ക് പരിപാടിയാണ് വാക്കുകളുടെ ഉത്സവമായി മാറിയത് കൊല്ലം: കലക്‌ടറേറ്റിന് മുന്നില്‍ സജ്ജീകരിച്ച കാന്‍വാസില്‍ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ വടിവൊത്ത മലയാളത്തില്‍ എഴുതി 'സ്‌നേഹം'. തുടര്‍ന്ന് ജീവനക്കാരുടെ ഊഴമായിരുന്നു. കുടുംബം, അച്ഛന്‍, അമ്മ, മകന്‍, സത്യം, ദയ എന്നിങ്ങനെ വാക്കുകള്‍ ഒാരോന്നായി എത്തി. ഔദ്യോഗിക ഭാഷാ വാരാചരണത്തി​െൻറ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പ്രിയമുള്ള വാക്ക് പരിപാടിയാണ് വാക്കുകളുടെ ഉത്സവമായി മാറിയത്. വിവിധ ആവശ്യങ്ങള്‍ക്കായി കലക്‌ടറേറ്റില്‍ എത്തിയ പൊതുജനങ്ങളും പൊലീസ് ഉദ്യോഗസ്ഥരുമൊക്കെ ഇഷ്ടവാക്കുമായി ഒത്തുചേര്‍ന്നു. എഴുത്തി​െൻറ ആവേശത്തില്‍ അഞ്ചു വയസ്സുകാരി ഊര്‍മിളയും പേനയേന്തി. ശമ്പളവും അവധിയുമൊക്കെ ചിലര്‍ക്ക് പ്രിയ വാക്കുകളായപ്പോള്‍ ഒരാള്‍ കുറിച്ചത് മരണമെന്നായിരുന്നു. ആത്മാർഥത എഴുതിത്തെളിയിക്കാന്‍ ശ്രമിച്ചവരുമുണ്ടായിരുന്നു. ധൃഷ്ടദ്യുമ്‌നന്‍, ഘടോല്‍കചന്‍, ധൃതാരാഷ്ട്രാലിംഗനം തുടങ്ങിയ വാക്കുകള്‍ എഴുതി ഫലിപ്പിക്കാന്‍ പലരും പാടുപെട്ടത് ചിരിപടര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയ​െൻറ പേരും പ്രിയ വാക്കായി കാന്‍വാസില്‍ ഇടംപിടിച്ചു. മഴവില്ല്, സംഗീതം, പ്രകാശം, സമാധാനം, കഥകളി, പ്രകൃതി, ശുചിത്വം, ഒരുമ, വിനയം, ഇഷ്ടം, നന്മ, ദാനം, ലാളിത്യം ഇങ്ങനെ പോയി വാക്കുകളുടെ നിര. ഭരണം ജനങ്ങള്‍ക്ക് പരമാവധി പ്രയോജനകരമാക്കാന്‍ ജീവനക്കാര്‍ മലയാള ഭാഷക്ക് പ്രാധാന്യം നല്‍കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, എ.ഡി.സി ജനറല്‍ വി. സുദേശന്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജി. രാജു തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. ഔദ്യോഗിക ഭാഷാ വാരാചരണത്തി​െൻറ ഭാഗമായി കലക്‌ടറേറ്റിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് സ്റ്റാഫ് കൗണ്‍സിലി​െൻറ സഹകരണത്തോടെ മലയാള സാഹിത്യം, ഭാഷ എന്നിവയെ അധികരിച്ച് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്വിസ് മത്സരവും നടന്നു. വൈദ്യുതി ബോര്‍ഡ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ തോമസ് അലക്‌സാണ്ടര്‍ നേതൃത്വം നല്‍കി. ദേശീയ മൃഗ--പക്ഷി മേള: ചിത്രംവരച്ച് വരവേല്‍ക്കാന്‍ കുഞ്ഞുങ്ങളും കൊല്ലം: ചുറ്റുപാടുകളിലെ കാഴ്ചകള്‍ ആരെയും കൊതിപ്പിക്കുന്ന നിറങ്ങളായാണ് കുഞ്ഞുമനസ്സുകളില്‍ പതിഞ്ഞത്. പ്രകൃതിയും ജന്തുജാലങ്ങളുമൊക്കെ വേറിട്ട വരകളായി അവര്‍ പുനഃസൃഷ്ടിച്ചു. നവംബര്‍ 10ന് ആശ്രാമം മൈതാനത്ത് തുടങ്ങുന്ന ദേശീയ മൃഗ-പക്ഷി മേളയുടെ ഭാഗമായി കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ നടത്തിയ ചിത്രരചന,- ക്വിസ് മത്സരങ്ങളാണ് വേറിട്ട സൃഷ്ടികള്‍കൊണ്ട് ശ്രദ്ധേയമായത്. ഹൈസ്‌കൂള്‍, യു.പി വിഭാഗങ്ങളിലായിരുന്നു വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങള്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്ക് പ്രദര്‍ശന നഗരിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനങ്ങള്‍ നല്‍കും. മൃഗസംരക്ഷണ വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ചിന്ത എല്‍.സജിത്, ഡോ. എന്‍. അജയന്‍, ഡോ. പ്രഭാസുതന്‍, ഡോ. എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.