പരവൂർ മുനിസിപ്പൽ ബസ്​സ്​റ്റാൻഡും അനുബന്ധ റോഡും തകർച്ചയിൽ

പരവൂർ: മുനിസിപ്പൽ ബസ്സ്റ്റാൻഡും അനുബന്ധ റോഡും തകർന്ന് കുണ്ടും കുഴിയുമായതിനാൽ പരവൂർ നഗരത്തിൽ യാത്ര ദുരിതം. മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ ഇരിപ്പിടങ്ങൾ തകർന്ന നിലയിലായതും യാത്രികരെ വലയ്ക്കുന്നു. ഇരിപ്പിടങ്ങൾ കൂടുതലും തുരുെമ്പടുത്ത് തകർന്ന നിലയിലാണ്. കാത്തിരിപ്പ് കേന്ദ്രത്തി​െൻറ മേൽക്കൂര ഇളകിപ്പോയ ഭാഗത്ത് അത് പുനഃസ്ഥാപിച്ചിട്ടില്ല. ഏതാനും വർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി നിർമിച്ച കോൺക്രീറ്റ് തറ തകർന്നതിനാൽ ചെറിയ മഴയിലും വെള്ളക്കെട്ട് രൂപപ്പെടും. കോൺക്രീറ്റ് ഇളകിമാറിയതോടെ കമ്പികൾ പുറത്തേക്കുവന്നു. ഇവ പലയിടത്തും തുരുമ്പിച്ച് മുറിഞ്ഞതുമൂലം യാത്രക്കാരുടെ ശ്രദ്ധ പാളിയാൽ അപകടമുണ്ടാകുന്ന സ്ഥിതിയാണ്. ബസ്സ്റ്റാൻഡ് വളപ്പിലെ ശൗചാലയം കൃത്യമായി തുറന്നു പ്രവർത്തിക്കാറില്ലെന്നും പരാതികളുണ്ട്. വെള്ളം ഒലിച്ചുപോകാൻ ഓടകൾ നിർമിച്ചിട്ടുണ്ടെങ്കിലും നിർമാണത്തിലെ അശാസ്ത്രീയത മൂലം ഒഴുക്ക് കൃത്യമല്ല. ഇതിനാൽ മഴവെള്ളം സ്റ്റാൻഡിൽത്തന്നെ കെട്ടിനിൽക്കുന്നു. ചാത്തന്നൂർ, പാരിപ്പള്ളി, കലയ്ക്കോട്, ഈന്നിൻമൂട് ഭാഗങ്ങളിലേക്കുള്ള ബസുകൾ വടക്കോട്ട് തിരിഞ്ഞ് പൊലീസ് സ്റ്റേഷനു മുന്നിലൂടെ റെയിൽവേ സ്റ്റേഷൻ റോഡുവഴിയാണ് പ്രധാന റോഡിലെത്തുന്നത്. സ്റ്റാൻഡിൽനിന്നുള്ള ഈ പാത പൂർണമായും തകർന്ന നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.