പി.എസ്​.സി പരീക്ഷകൾക്ക് മലയാളത്തിൽ കൂടി ചോദ്യപേപ്പർ നൽകാൻ നിർദേശം

തിരുവനന്തപുരം: എല്ലാ പി.എസ്.സി പരീക്ഷകൾക്കും മലയാളത്തിൽ കൂടി ചോദ്യപേപ്പർ നൽകണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടാൻ ഔദ്യോഗിക ഭാഷ ഉന്നതതല സമിതി യോഗം തീരുമാനിച്ചു. ഇപ്പോൾ എസ്.എസ്.എൽ.സി വരെ യോഗ്യതയുള്ള പരീക്ഷകൾക്കാണ് മലയാളത്തിൽ ചോദ്യങ്ങൾ നൽകുന്നത്. ബിരുദം യോഗ്യതയായ പരീക്ഷകളിൽ ചോദ്യപേപ്പർ ഇംഗ്ലീഷിലാണ് തയാറാക്കുന്നത്. അത്തരം പരീക്ഷകൾക്കും മലയാളത്തിൽ ചോദ്യം നൽകണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടും. നിലവിൽ 10 ശതമാനം മാർക്കി​െൻറ ചോദ്യങ്ങളാണ് മലയാള ഭാഷാവിഭാഗത്തിൽ പി.എസ്.സി ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിച്ചു. ഒന്നിലേറെ പരീക്ഷയുള്ള ഉദ്യോഗങ്ങൾക്ക് ഒരു പേപ്പർ നിർബന്ധമായും മലയാളഭാഷ സംബന്ധിച്ചാവണമെന്ന് പി.എസ്.സിയോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു. പ്ലസ് 2 ക്ലാസുകളിൽ ശാസ്ത്രവിഷയങ്ങൾക്ക് മലയാളത്തിൽ പാഠപുസ്തകങ്ങൾ തയാറാക്കാൻ എസ്.സി.ഇ.ആർ.ടിയോട് നിർദേശിക്കും. എല്ലാ സർക്കാർ വെബ്സൈറ്റുകളും മലയാളത്തിൽ കൂടി വേണമെന്നും യോഗം തീരുമാനിച്ചു. മാർച്ച് 31-നു മുമ്പ് ഇത് പൂർത്തിയാക്കണം. യോഗത്തിൽ ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സമിതി അംഗങ്ങളായ ഡോ. ജോർജ് ഓണക്കൂർ, പ്രഫ. വി.എൻ. മുരളി, സുരേഷ് കുറുപ്പ് എം.എൽ.എ, പ്രഫ. വി. കാർത്തികേയൻ നായർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.