സമരം കുരുക്കും: തലസ്ഥാനം സ്​തംഭിച്ചത്​ മണിക്കൂറുകൾ കടയടപ്പിൽ ഭക്ഷണം കിട്ട​ാതെ ജനം വലഞ്ഞു

തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിലെ സമരവേലിയേറ്റത്തെ തുടർന്ന് ഗതാഗതക്കുരുക്കിൽ നഗരം സ്തംഭിച്ചു. ഹോട്ടലുകളടക്കം അടഞ്ഞുകിടന്നതോടെ കേരളപ്പിറവി ദിനത്തിൽ ഭക്ഷണം കിട്ടാതെ തലസ്ഥാനത്തെത്തിയവർ പട്ടിണിയിലായി. സമരക്കാരുമായെത്തിയ നൂറുകണക്കിന് വാഹനങ്ങൾ നഗരത്തിൽ ഒന്നിച്ചെത്തിയതോടെ ഗതാഗതം നിശ്ചലമായി. രാവിലെ ഒമ്പതോടെ പാളയത്തുനിന്ന് തന്നെ െപാലീസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. സമരങ്ങൾ മുൻനിർത്തി നഗരത്തിൽ രാവിലെ മുതൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ജനങ്ങൾ അനങ്ങാൻ സാധിക്കാത്തവണ്ണം ദുരിതത്തിലായി. രാവിലെ മുതൽ സിഗ്നൽ സംവിധാനം ഓഫാക്കി ഗതാഗതനിയന്ത്രണത്തിന് പൊലീസ് രംഗത്ത് ഇറങ്ങിയെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയി. നഗരത്തിൽ നാലുപാടും ജനം ഗതാഗതക്കുരുക്കിൽപ്പെട്ട് കിടന്നു. മണിക്കൂറോളം കാത്തുകിടന്നാണ് പലർക്കും ലക്ഷ്യസ്ഥാനത്ത് എത്താനായത്. രാവിലെ പത്തോടെ എം.ജി റോഡിൽ പാളയം മുതൽ ഒാവർബ്രിഡജ് വരെ വാഹനങ്ങൾക്കൊന്നും പ്രവേശിക്കാനാവാത്ത സ്ഥിതിയായിരുന്നു. പാളയത്ത് ബസിറങ്ങി കാൽനടയായി പോകേണ്ട സ്ഥിതിയായിരുന്നു. സമരക്കാരുടെ തിരക്ക് കാരണം നടക്കാൻപോലും കഴിഞ്ഞില്ല. ഉച്ചക്ക് രണ്ടോടെയാണ് ഗതാഗതം പൂർവസ്ഥിതിയിലയാത്. കടകൾ അടഞ്ഞതോടെ അവശ്യ സാധനങ്ങൾക്ക് ജനം ബുദ്ധിമുട്ടി. വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാനത്തെത്തിയവരും ഭക്ഷണം കിട്ടാതെ കുടുങ്ങി. ജയിൽ ചപ്പാത്തിയായിരുന്നു ഏക ആശ്രയം. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരത്തിന് എത്തിയ വ്യാപാരികൾക്കും മറ്റു സമരക്കാർക്കും ഇടയിൽ കപ്പലണ്ടിക്കാരും ഐസ്ക്രീം കച്ചവടക്കാരും വിൽപന കൊഴുപ്പിച്ചു. ഭക്ഷണം കഴിക്കാൻ പരക്കം പാഞ്ഞവർക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കടകളും കാൻറീനും പൂജപ്പൂര ജയിൽ കഫറ്റീരിയയും ആശ്വാസമായി. സെക്രട്ടേറിയറ്റിന് സമീപത്തെ കൊച്ചു പെട്ടിക്കടകളിൽ നാരങ്ങാവെള്ളത്തിനും സർബത്തിനും മറ്റ് ദാഹശമനികൾക്കുമായി ജനം ഇരച്ചുകയറി. നാരങ്ങാവെള്ളം, മിനറൽ വാട്ടർ തുടങ്ങിയവ ലഭിക്കുന്ന ഇവിടങ്ങളിൽ സാധാരണയിൽ കവിഞ്ഞ തിരക്കുണ്ടായി. കടകൾ അ‌ടച്ച് ഒരു വ്യാപാരികളും വിവിധ ആവശ്യങ്ങളുമായി ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും സാങ്കേതിക സർവകലാശാലയിലെ പ്രശ്നങ്ങൾ ഉയർത്തി വിദ്യാർഥികളും ജല അതോറിറ്റി കരാർ തൊഴിലാളികളുമാണ് സമരവുമായി എത്തിയത്. ഇവരിൽ വ്യാപാരികൾക്കും ഭിന്നശേഷിക്കാർക്കുമായി സമരംചെയ്യാൻ എത്തിയവർ തന്നെ പതിനായിരക്കണക്കിന് പേരുണ്ടായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരും സമരക്കാരെ നിയന്ത്രിച്ച് കുഴങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.