'ആവാസ്' ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍വകുപ്പ് നടപ്പാക്കുന്ന 'ആവാസ്' ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്ത ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ പദ്ധതി ഉദ്ഘാടനംചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി സാമൂഹികനീതി വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ ക്രഷുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളം ജില്ലയില്‍ ആദ്യം തുടങ്ങും. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അവർ പറഞ്ഞു. പദ്ധതിയില്‍ അംഗത്വംനേടിയാല്‍ പണം മുടക്കാതെ തന്നെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അധ്യക്ഷത വഹിച്ച് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എൻറോള്‍ ചെയ്തവര്‍ക്ക് 2018 ജനുവരി മുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. 1,00,300ലധികം പേർ പദ്ധതിയിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലക്കാട് കഞ്ചിക്കോട്ട് 640 തൊഴിലാളികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ വാടകക്ക് താമസിക്കാന്‍ ഫ്ലാറ്റ് ഒരുങ്ങുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും ഇത്തരം സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിമാരായ ഡോ. കെ.ടി. ജലീൽ, എ.സി. മൊയ്തീന്‍ എന്നിവർ മുഖ്യാതിഥിയായി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 15,000 രൂപയുടെ ചികിത്സ സഹായവും രണ്ടുലക്ഷം രൂപയുടെ അപകടമരണ ഇൻഷുറന്‍സ് പരിരക്ഷയുമാണ് ആവാസ് പദ്ധതിയിലൂടെ നൽകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.