ഫയർഫോഴ്​സിൽ കൈക്കൂലി: കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: ബഹുനില കെട്ടിടത്തിന് ഫയർഫോഴ്സ് അനുമതി ലഭിക്കാൻ സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ മാനേജറിൽനിന്ന് 35 ലക്ഷം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഗ്നിശമന സേനയിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. എട്ട് അസി. ഡിവിഷനൽ ഓഫിസർമാരെയും ആറ് ഫയർമാൻ -ലീഡിങ് ഫയർമാൻ എന്നിവരെയുമാണ് ഫയർഫോഴ്സ് മേധാവി ടോമിൻ ജെ. തച്ചങ്കരി സ്ഥലംമാറ്റിയത്. ഈ സംഭവത്തിൽ കഴിഞ്ഞദിവസം സേനയിലെ രണ്ട് ഡയറക്ടർമാരെ തരംതാഴ്ത്തി സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അസി. ഡിവിഷനൽ ഓഫിസർമാരായ ടി. രജീഷ്-കോഴിക്കോട്, പി. രഞ്ജിത് -ഫയർഫോഴ്സ് അക്കാദമി, അരുൺ ഭാസ്കർ--പാലക്കാട്, റജി വി.കുര്യാക്കോസ്--ഇടുക്കി, കെ.ആർ. ഷിനോയ്-കോട്ടയം, ബി. രാജ്--കാസർകോട്, കെ.കെ. ഷിജു--പത്തനംതിട്ട, അബ്ദുൽ റഷീദ്--തിരുവനന്തപുരം, ലീഡിങ് ഫയർമാൻമാരായ കെ.സി. മുരളി-ചാക്ക, എസ്. സുരേഷ് ബാബു--ആസ്ഥാന കാര്യാലയം, എസ്. ജയകുമാർ--തിരുവനന്തപുരം, എം. ബദറുദ്ദീൻ--ആലപ്പുഴ, ഫയർമാൻമാരായ പി.സി. സുർജിത്--തിരുവനന്തപുരം, സി.ജി. രാകേഷ് കുമാർ--നെയ്യാറ്റിൻകര എന്നിവരെയാണ് പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്ക് മാറ്റിനിയമിച്ചത്. സർക്കാർ നിർേദശ പ്രകാരമാണ് സ്ഥലംമാറ്റ ഉത്തരവ്. കഴിഞ്ഞദിവസം അഗ്നിശമന സേനയിലെ ഡയറക്ടർ (ടെക്നിക്കൽ)ഇ.ബി. പ്രസാദ്, ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ജോ കുരുവിള എന്നിവരെ ഡിവിഷനൽ ഓഫിസർമാരായി തരംതാഴ്ത്തിയിരുന്നു. പ്രസാദിനെ തൃശൂർ ഫയർഫോഴ്സ് അക്കാദമിയിലും ജോ കുരുവിളയെ കോട്ടയത്തും ഡിവിഷനൽ ഓഫിസർമാരായി മാറ്റി നിയമിച്ചു. ഡിവിഷനൽ ഓഫിസർമാരിൽ സീനിയറായ കൊച്ചിയിലെ ആർ. പ്രസാദിനെ ഡയറക്ടർ ടെക്നിക്കലായും കോട്ടയത്തെ എൻ.വി. ജോണിനെ ഡയറക്ടർ അഡ്മിനിസ്ട്രേഷനായും നിയമിച്ച് ഉത്തരവ് ഇറക്കിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും സൂപ്പർ മാർക്കറ്റ് നടത്തുന്ന തമിഴ്നാട്ടിലെ വ്യാപാര ശൃംഖലയുടെ മാനേജറിൽനിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കൺസൾട്ടൻറ് വഴിയായിരുന്നു ഇടപാട് നടന്നത്. ചിലർക്ക് പണം ലഭിക്കാത്തതിനെ തുടർന്നാണ് വിഷയം പുറത്തായത്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.