കിളിമാനൂര്‍: പോങ്ങനാട് കീഴ്പേരൂര്‍ കിഴക്കിന്‍കര ചിറക്കരക്കാവ് ഭഗവതീക്ഷേത്രത്തിലെ വെടിവഴിപാട് പുരക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. ഒരാളുടെ നില അതിഗുരുതരം. വെടിക്കെട്ടാശാന്‍ പോങ്ങനാട് കിളിക്കോട്ടുകോണം ചാത്തറക്കോണത്ത് വീട്ടില്‍ തങ്കപ്പന്‍ (92), സഹായി കാട്ടുമ്പുറം കൊല്ലുവിള ചരുവിള പുത്തന്‍വീട്ടില്‍ ശേഖരന്‍ (74), വെടിവഴിപാട് കൗണ്ടറിലെ കാഷ്യറും തങ്കപ്പന്‍െറ ചെറുമകളുമായ പൊരുന്തമണ്‍ സുചിഭവനില്‍ സുചിത്ര (28) എന്നിവര്‍ക്കാണ് സാരമായി പൊള്ളലേറ്റത്. ഇതില്‍ 75 ശതമാനം പൊള്ളലേറ്റ ശേഖരന്‍െറ നില അതിഗുരുതരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കുംഭ ഭരണിമഹോത്സവം നടക്കുന്നതിനിടെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. ക്ഷേത്രത്തില്‍ പതിവായി വഴിപാടിന്‍െറ ഭാഗമായ നേര്‍ച്ചവെടി നടത്തുന്നവരാണ് അപകടത്തില്‍പെട്ട എല്ലാവരും. തങ്കപ്പന്‍ കുറ്റി നിറച്ച് കത്തിക്കുന്നതിനിടെ ചരിഞ്ഞ് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ വെടിപ്പുരയുടെ ഭാഗത്തേക്ക് പൊട്ടുകയായിരുന്നു. ചിതറിയ തീപ്പൊരി ഇവിടെ സൂക്ഷിച്ചിരുന്ന മരുന്നിലേക്ക് വീണ് കത്തിപ്പടരുകയായിരുന്നു. ശേഖരനെ ഉത്സവകമ്മിറ്റിക്കാരും ഭക്തരും ചേര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തങ്കപ്പനും 45 ശതമാനത്തോളം പൊള്ളലേറ്റു. ഇവരെയും കേശവപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവസമയം പുക ശ്വസിച്ച് പോങ്ങനാട് സ്വദേശി ഹരിക്ക് ബോധക്ഷയമുണ്ടായി. കിളിമാനൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ സമഗ്ര അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.