പേവിഷ ബാധ നിയന്ത്രണം; നഗരത്തില്‍ തെരുവ് നായ്ക്കള്‍ക്കും മൈക്രോചിപ്പ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ പേവിഷബാധ നിയന്ത്രിത മേഖലയാക്കാന്‍ നൂതന പദ്ധതിയുമായി തിരുവനന്തപുരം കോർപറേഷൻ. വളര്‍ത്തുനായ്ക്കള്‍ക്ക് പുറമേ, തെരുവ് നായ്ക്കളെയും വന്ധ്യംകരിച്ച് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിലൂടെ നായ്ക്കള്‍ക്ക് കൃത്യമായി പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കാനും പേവിഷബാധ നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. ഇന്ത്യയില്‍ ആദ്യമായാണ് നഗരസഭ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റിക്കു കീഴില്‍ മൂന്നു കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇനി മുതല്‍ ലൈസന്‍സ് ഇല്ലാതെ നഗരത്തില്‍ നായ്ക്കളെ വളര്‍ത്താന്‍ അനുവദിക്കില്ല. ലൈസന്‍സ് ലഭിക്കണമെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തശേഷംമൈക്രോചിപ്പ് ഘടിപ്പിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കും. അനുസരിക്കാത്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. റേഡിയോ ഫ്രീക്വന്‍സി ഐഡൻറിറ്റി (ആർ.എസ്.ഐ.ഡി) നമ്പര്‍ ഉള്‍പ്പെടുത്തിയ മൈക്രോചിപ്പില്‍ നായ്ക്കളുടെ വിവരശേഖരം (ഡാറ്റബേസ്) ഉള്‍പ്പെടുത്തും. നായുടെ ചിത്രം, പേര്, ഇനം ഉടമസ്ഥ​െൻറ പേര്, വിലാസം എന്നിവയെല്ലാം ഡാറ്റബേസില്‍ ഉള്‍പ്പെടുത്തും. വാക്സിന്‍ നല്‍കേണ്ടത് എന്നാണെന്ന് 15 ദിവസം മുമ്പ് നഗരസഭ അധികൃതര്‍ ഉടമസ്ഥനെ മൊബൈല്‍ മെസേജിലൂടെ അറിയിക്കും. വാക്സിനേഷന്‍ എടുക്കാതെയോ ലൈസന്‍സ് പുതുക്കാതെയോ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളെ പിടികൂടി വാക്സിനേഷന്‍ നല്‍കിയ ശേഷം വന്ധ്യംകരിച്ച് മൈക്രോചിപ്പ് ഘടിപ്പിച്ച് തിരിച്ചുവിടും. നായുടെ ചിത്രം സഹിതമുള്ള ഡാറ്റബേസ് ചിപ്പില്‍ രേഖപ്പെടുത്തുകയും ചെയ്യും. നായ്ക്കളെ നിരീക്ഷിക്കാന്‍ അഞ്ച് ഡോക്ടര്‍മാര്‍, അഞ്ച് വെറ്ററിനറി അസിസ്റ്റൻറുമാര്‍, നായപിടിത്തക്കാര്‍, പരിശീലകര്‍ എന്നിവരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാര്‍ഡ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിന് ബുധനാഴ്ച തുടക്കമാകും. നെതര്‍ലൻഡില്‍നിന്ന് 10,000 മൈക്രോചിപ്പുകള്‍ ഇ-ടെൻഡര്‍ മുഖേന വാങ്ങിയിട്ടുണ്ട്. 35,000 ചിപ്പുകളാണ് നഗരത്തിനാവശ്യം. 25,500 വളര്‍ത്തുനായ്ക്കളും 9500 തെരുവുനായ്ക്കളും നഗരത്തിലുണ്ടെന്നാണ് കണക്ക്. ബാക്കി ചിപ്പുകള്‍ രണ്ടാംഘട്ടത്തില്‍ വാങ്ങും. ശസ്ത്രക്രിയയില്ലാതെ തൊലിയിലൂടെ കഴുത്തിനടിയില്‍ ഘടിപ്പിക്കാവുന്ന ബയോ കംപാക്ട്യബിള്‍ ഗ്ലാസ് സംവിധാനമുള്ള ചിപ്പുകളാണ് ഉപയോഗിക്കുന്നത്. അണുബാധയുണ്ടാകാതെ നായ്ക്കളുടെ ജീവിതാവസാനംവരെ ഇതു തൊലിക്കുള്ളിലുണ്ടാകുമെന്ന് പദ്ധതിയുടെ നിര്‍വഹണച്ചുമതലയുള്ള സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഇ.ജി. പ്രേം ജയിന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.