പേരൂർക്കട: അമിത വേഗത്തിലെത്തിയ സ്കൂൾ വാൻ മറിഞ്ഞ് നാല് കുട്ടികളടക്കം ആറു പേർക്ക് പരിക്കേറ്റു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ പേരൂർക്കട വഴയില റോഡില്‍ വിന്നേഴ്സ് ലൈബ്രറിയുടെ മുൻവശത്താണ് അപകടം. വാന്‍ അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മുന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ ഡിവൈഡറിന് നടുവിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് രണ്ടായി ഒടിഞ്ഞു. ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന കമ്പിയും തകർന്നിട്ടുണ്ട്. കൂട്ട നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് കുട്ടികളെയും വാൻ ജീവനക്കാരെയും ഉടൻ പേരൂർക്കട ജില്ല മാതൃക ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവറെയും ക്ലീനറെയും കൂടാതെ ഒമ്പത് കുട്ടികളാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. വൈദ്യുതി തൂൺ മുറിഞ്ഞ് വാനിന് പുറത്തേക്ക് വീണു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. നാലാം ക്ലാസ് വിദ്യാർഥികളായ അമ്പി, അരവിന്ദ്, അഭിജിത്, അഞ്ചാം ക്ലാസ് വിദ്യാർഥിനി അഞ്ചിമ എന്നീ കുട്ടികൾക്കും ഡ്രൈവർ അനൂപ്, ക്ലീനർ ബേബി എന്നിവർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരില്‍ ഡ്രൈവർ അനൂപ്, ക്ലീനർ ബേബി എന്നിവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾക്കുശേഷം ഇവരെ വിട്ടയച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പേരൂർക്കട-വഴയില റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ വാനിെൻറ മുൻഭാഗം പൂർണമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.