ഇൻറർവ്യൂ പ്രഹസനമാക്കി സഹകരണ ബാങ്കിൽ പാർട്ടിക്കാരെ നിയമിക്കുന്നെന്ന്​

വിളപ്പിൽ: വിളപ്പിൽ സർവിസ് സഹകരണ ബാങ്കിൽ ഇൻറർവ്യൂ പ്രഹസനമാക്കി പാർട്ടിക്കാരെ നിയമിക്കാൻ നീക്കമെന്ന് ആക്ഷേപം. സ്ഥിരനിയമനത്തിന് ഒഴിവുവന്ന അഞ്ച് പോസ്റ്റുകളിലേക്ക് കഴിഞ്ഞ ദിവസമാണ് എഴുത്ത് പരീക്ഷയും അഭിമുഖവും നടന്നത്. സെയിൽസ്മാൻ, അറ്റൻഡർ, പ്യൂൺ പോസ്റ്റുകളിലേക്കുള്ള നിയമനങ്ങൾക്ക് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ എന്നിങ്ങനെ നാലു പേരെ പാർട്ടി നേരത്തേതന്നെ നിശ്ചയിെച്ചന്നും ഭരണമുന്നണിയിലെ കക്ഷിയായ സി.പി.ഐക്ക് ഒരു നിയമനം വിട്ടു നൽകി എന്നുമാണ് ആക്ഷേപം. വർഷങ്ങളായി ബാങ്കിൽ താൽക്കാലികക്കാരിയായി ജോലി ചെയ്യുന്ന ലോക്കൽ കമ്മിറ്റി അംഗത്തി​െൻറ ഭാര്യക്കാണ് സി.പി.ഐ തങ്ങൾക്കു കിട്ടിയ സീറ്റ് നൽകിയത്. സി.പി.എം നാലു പുതുമുഖങ്ങളെയാണ് നിയമിക്കാൻ തീരുമാനിച്ചിട്ടുള്ളതത്രേ. 15 വർഷമായി ബാങ്കിൽ താൽക്കാലികക്കാരായി ജോലിചെയ്യുന്ന രണ്ട് വനിതകളെ സ്ഥിരംനിയമനത്തിന് സി.പി.എം പരിഗണിക്കാത്തത് പാർട്ടിക്കുള്ളിൽ തന്നെ പൊട്ടിത്തെറിയുണ്ടാക്കിയിട്ടുണ്ട്. മുൻ വിളവൂർക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ മകൾ ഉൾപ്പടെ രണ്ട് താൽക്കാലികക്കാരെയാണ് പാർട്ടി മനഃപൂർവം ഒഴിവാക്കിയത്. ഇൻറർവ്യൂ നടത്തി നിയമന ഉത്തരവ് വരുന്നതിനു മുമ്പ് നിയമിക്കുന്നവരുടെ പേരുകൾ പുറത്തുവിട്ട് പാർട്ടിയിലെ വിമത വിഭാഗം വിളപ്പിലിൽ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.